എഐ ക്യാമറകൾ പ്രവർത്തനം തുടങ്ങിയതോടെ അപകട മരണങ്ങൾ കുറഞ്ഞതായി ഗതാഗത വകുപ്പ്

Share to

Perinthalmanna Radio
Date: 09-06-2023

റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി ക്യാമറകൾ പ്രവർത്തനം ആരംഭിച്ചതോടെ അപകട മരണങ്ങൾ കുറഞ്ഞതായി ഗതാഗത വകുപ്പിന്റെ വിലയിരുത്തൽ. പ്രതിദിനം 12 പേർ അപകടങ്ങളിൽ മരിച്ചിരുന്നത് 8 ആയി കുറഞ്ഞെന്ന് അധികൃതർ പറഞ്ഞു. റോഡ് ക്യാമറകൾ പ്രവർത്തനം ആരംഭിച്ച അഞ്ചാം തീയതി മുതൽ ഇന്നലെ വരെയുള്ള അപകടങ്ങളാണ് വിലയിരുത്തിയത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 4,317 പേരാണ് റോഡ് അപകടങ്ങളിൽ മരിച്ചത്. 43,910 അപകടങ്ങളിൽ 49,307പേർക്ക് പരുക്കുപറ്റി.

റോഡ് നിയമം ലംഘിക്കുന്നവരുടെ എണ്ണവും കുറയുകയാണെന്ന് മോട്ടർ വാഹനവകുപ്പ് പറയുന്നു. അഞ്ചാം തീയതി രാവിലെ എട്ടു മണിക്കാണ് ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങിയത്. അന്നേ ദിവസം രാത്രി 12 മണിവരെയുള്ള കണക്കനുസരിച്ച് 63,849 നിയമ ലംഘനങ്ങളാണ് പിടികൂടിയത്. ആറാം തീയതി–1,21,681, എഴാം തീയതി –87,675, എട്ടാം തീയതി– 79,525. ചലാനുകൾ കിട്ടി തുടങ്ങുന്നതോടെ ഒരു മാസം കൊണ്ട് നിയമ ലംഘനങ്ങൾ വലിയ രീതിയിൽ കുറയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ക്യാമറകൾ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ 4 ലക്ഷം നിയമ ലംഘനങ്ങൾ കണ്ടെത്തിയ ദിവസമുണ്ടായിരുന്നു. 

സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്താൽ വാഹന ഉടമയ്ക്ക് പിഴത്തുക വ്യക്തമാക്കി രണ്ട് ചലാനുകൾ ലഭിക്കും. മോട്ടർ വാഹന നിയമം അനുസരിച്ച് ഡ്രൈവറും മുന്നിലെ സഹയാത്രികനും സീറ്റ് ബെൽറ്റ് ധരിക്കണം. റോഡ് ക്യാമറ വരുന്നതിനു മുൻപ് നേരിട്ടുള്ള പരിശോധനകളിൽ ഉദ്യോഗസ്ഥർ ഡ്രൈവർക്ക് മാത്രം പിഴ ഈടാക്കി സഹയാത്രികനെ ഒഴിവാക്കാറുണ്ടായിരുന്നു. ഇനി മുതൽ ഇളവ്  ഉണ്ടാകില്ല. ഹെൽമറ്റ്  ധരിക്കാതെ രണ്ടുപേർ യാത്ര ചെയ്താൽ 500 രൂപ വീതം രണ്ട് ചലാനുകൾ വാഹന ഉടമയ്ക്ക് ലഭിക്കും.

അപ്പീൽ നൽകാൻ 14 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഹെവി വാഹനങ്ങളിൽ സെപ്റ്റംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയതോടെ, സീറ്റ് ബെൽറ്റ് ഇല്ലാത്ത വാഹനങ്ങളിൽ ബെൽറ്റിന്റെ കിറ്റ് ഘടിപ്പിക്കേണ്ടിവരും. കെഎസ്ആർടിസിയുടെ പുതിയ വാഹനങ്ങളിൽ മാത്രമാണ് ഡ്രൈവർക്ക് സീറ്റ് ബെൽറ്റുള്ളത്. സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയ നിയമം വരുന്നതിനു മുൻപ് പുറത്തിറങ്ങിയ വാഹനങ്ങളുടെ കാര്യത്തിൽ എന്തു ചെയ്യണമെന്ന് പരിശോധിച്ചുവരികയാണെന്ന് മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറ‍ഞ്ഞു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *