എ.ഐ ക്യാമറ വഴിയുള്ള പിഴ; തപാല്‍ വഴി അയച്ചത് 13,318 നോട്ടീസുകള്‍ മാത്രം

Share to

Perinthalmanna Radio
Date: 13-06-2023

എ.ഐ ക്യാമറകള്‍ വഴിയുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തല്‍ ഒരാഴ്ച പിന്നിടുമ്പോഴും തപാല്‍ വഴി അയച്ചത് 13,318 പിഴ നോട്ടീസുകള്‍ മാത്രം.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഓണ്‍ലൈൻ സംവിധാനത്തിലേക്ക് നല്‍കിയ 40,312 കേസുകളാണെങ്കിലും ചലാൻ ജനറേറ്റ് ചെയ്തത് 24,990 മാത്രമാണ്. ഓണ്‍ലൈൻ സംവിധാനം കാര്യക്ഷമമാണെങ്കിലും അതിനനുസരിച്ച്‌ ഓഫിസ് സംവിധാനം വേഗം കൈവരിക്കാത്തതാണ് താളം തെറ്റലിന് കാരണം. അതേസമയം 24,990 പേരുടെ ചലാനുകള്‍ രജിസ്റ്റര്‍ ചെയ്തതോടെ വാഹന ഉടമകളുടെ മൊബൈല്‍ ഫോണിലേക്ക് എസ്.എം.എസ് ആയി പിഴ വിവരമെത്തുന്നുണ്ട്.

ഇതുവരെ ആകെ എത്ര കേസുകള്‍ പിടികൂടി എന്ന കണക്കുകള്‍ മോട്ടോര്‍ വാഹനവകുപ്പ് ഇപ്പോള്‍ പുറത്തുവിടുന്നില്ല. കാമറ സംവിധാനം തുടങ്ങിയ ജൂണ്‍ അഞ്ചിന് 28,891 കേസുകളാണ് പിടികൂടിയിരുന്നത്. ആദ്യ മൂന്ന് ദിവസം പ്രതിദിന കണക്കുകള്‍ നല്‍കിരുന്നെങ്കിലും ചലാൻ തയാറാക്കലും തപാലയക്കലും മന്ദഗതിയിലായതോടെ ഇതും അവസാനിപ്പിച്ചു. പിടികൂടിയ കുറ്റങ്ങളുടെ എണ്ണം പരിശോധിക്കുമ്ബോള്‍ വരുമാനം കോടികളാണെങ്കിലും ഇതെല്ലാം കടലാസിലാണ്. ഇവ അക്കൗണ്ടിലെത്തണമെങ്കില്‍ കടമ്ബകള്‍ ഏറെയാണ്. അതേസമയം കാമറകള്‍ സ്ഥാപിച്ചശേഷം ഗതാഗതക്കുറ്റങ്ങള്‍ കുത്തനെ കുറഞ്ഞെന്നാണ് സര്‍ക്കാര്‍ വാദം.

ഇതിനിടെ, ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള ഒരു ചലാനില്‍ ഒന്നിലധികം കുറ്റങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നത് എ.ഐ കാമറ സംവിധാനത്തിലും തുടരാൻ തീരുമാനിച്ചിട്ടുണ്ട്. ഇരുചക്രവാഹനങ്ങളിലെ രണ്ടുപേരും ഹെല്‍മെറ്റ് ഉപയോഗിച്ചില്ലെങ്കില്‍ വാഹനയുടമക്ക് നല്‍കുന്ന ചലാനില്‍ രണ്ടുപേര്‍ക്കുമുള്ള പിഴയുണ്ടാകും. കാമറകള്‍ പിഴ ചുമത്തുന്നുണ്ടെങ്കിലും കെല്‍ട്രോണുമായി ഇനി അന്തിമ കരാര്‍ ഒപ്പുവെക്കാനുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ കരാര്‍ ഒപ്പിടുമെന്നാണ് വിവരം.

പഴയ മോഡല്‍ വാഹനങ്ങളുടെ നമ്ബര്‍ പ്ലേറ്റുകള്‍ എ.ഐ കാമറകളെ ആശയക്കുഴപ്പത്തിലാക്കുന്നു. ഇവ കൃത്യമായി ചിത്രീകരിക്കാന്‍ എ.ഐ കാമറകള്‍ക്ക് കഴിയാത്തത് വെല്ലുവിളിയാണ്. ഇതെങ്ങനെ പരിഹരിക്കാമെന്നത് കെല്‍ട്രോണിനെയും കുഴപ്പിക്കുന്നു. എ.ഐ കാമറ വെച്ചിരിക്കുന്ന ഉയര്‍ന്ന കോണില്‍നിന്ന് ചിത്രീകരിക്കുമ്ബോള്‍ വാഹനത്തിന്റെ ഭാഗങ്ങള്‍കൊണ്ട് ചില നമ്ബര്‍ പ്ലേറ്റുകള്‍ മറയുന്നുണ്ട്. ദൂരെനിന്നുള്ള ചിത്രങ്ങള്‍കൂടി പകര്‍ത്തിയാല്‍ നമ്ബര്‍ വ്യക്തമായി പതിയും. ഇതിനായി സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്തുന്നതും പരിഗണനയിലുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *