
Perinthalmanna Radio
Date: 19-02-2023
സംസ്ഥാന സർക്കാരിനു കീഴിൽ നൂറോളം വകുപ്പുകൾ ഉണ്ടെങ്കിലും ആസ്ഥാന ഓഫിസുകളിൽ പഞ്ചിങ് കർശനമായി നടപ്പാക്കിയത് 18 വകുപ്പുകൾ മാത്രം. പഞ്ചിങ് മുടങ്ങിയാൽ ശമ്പളം കുറയുന്ന തരത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കും തമ്മിൽ ബന്ധിപ്പിച്ചിട്ടുള്ള വകുപ്പ് ആസ്ഥാനങ്ങളാണ് ഇവ. മറ്റു വകുപ്പുകളിൽ പഞ്ചിങ് മെഷീനുകൾ സ്ഥാപിക്കുന്നതും സ്പാർക്കുമായി ബന്ധിപ്പിക്കുന്നതും അടക്കമുള്ള നടപടികളും പുരോഗമിക്കുകയാണെന്നാണു സർക്കാർ വിശദീകരണം.
കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത സംഭവം വിവാദമായതോടെയാണു സർക്കാർ ഓഫിസുകളിലെ പഞ്ചിങ് വീണ്ടും ചർച്ചയാകുന്നത്.
സെക്രട്ടേറിയറ്റിൽ പഞ്ചിങ് ഏതാനും വർഷം മുൻപ് നടപ്പാക്കിയിരുന്നു. എന്നാൽ, എല്ലാ കലക്ടറേറ്റുകളിലും വകുപ്പു മേധാവികളുടെ ഓഫിസിലും സ്പാർക്കുമായി ബന്ധിപ്പിച്ച പഞ്ചിങ് സംവിധാനം ഈ വർഷം ജനുവരി ഒന്നിനു നടപ്പാക്കാനായിരുന്നു ചീഫ് സെക്രട്ടറിയുടെ നിർദേശം.
കൂടാതെ 20 ജീവനക്കാരിൽ കൂടുതലുള്ള എല്ലാ സർക്കാർ ഓഫിസുകളിലും മാർച്ച് 31 ആകുമ്പോൾ പഞ്ചിങ് നടപ്പാക്കാനും നിർദേശിച്ചു. ഇതിന് ആവശ്യമായ ഉപകരണങ്ങൾ കെൽട്രോൺ മുഖാന്തരം വാങ്ങി പല സിവിൽ സ്റ്റേഷനുകളിലും സ്ഥാപിക്കുകയും പഞ്ചിങ് തുടങ്ങുകയും ചെയ്തു. എന്നാൽ, സ്പാർക്കുമായി ബന്ധിപ്പിച്ചിട്ടില്ല. 78 താലൂക്ക് ഓഫിസുകളിൽ എല്ലാം തന്നെ ഇരുപതിലേറെ ജീവനക്കാർ ഉണ്ടെങ്കിലും ഒരിടത്തും പഞ്ചിങ് നടപ്പാക്കിയിട്ടില്ല.
നിലവിൽ പഞ്ചിങ് നടപ്പാക്കിയ വകുപ്പ് ആസ്ഥാനങ്ങൾ : കൃഷി വകുപ്പ് ഡയറക്ടറേറ്റ്, കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി, കയർ വികസന ഡയറക്ടറേറ്റ്, സഹകരണ വിജിലൻസ് ഹെഡ്ക്വാർട്ടേഴ്സ്, സഹകരണ ഓഡിറ്റ് ഡയറക്ടറേറ്റ്, സാംസ്കാരിക വകുപ്പ് ഡയറക്ടറേറ്റ്, ഡ്രഗ്സ് കൺട്രോളറുടെ ഓഫിസ്, എക്സൈസ് കമ്മിഷണറേറ്റ്, ആരോഗ്യ ഡയറക്ടറേറ്റ്, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടറേറ്റ്, ഇൻഷുറൻസ് മെഡിക്കൽ സർവീസസ് ഡയറക്ടറേറ്റ്, ലേബർ കമ്മിഷണർ ഓഫിസ്, മൈനിങ് ആൻഡ് ജിയോളജി ഡയറക്ടറേറ്റ്, റജിസ്ട്രേഷൻ ഐജി ഓഫിസ്, സംസ്ഥാന ആസൂത്രണ ബോർഡ്, കായിക – യുവജനക്ഷേമ ഡയറക്ടറേറ്റ്, പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറേറ്റ്, പരിസ്ഥിതി കാലാവസ്ഥാമാറ്റ വകുപ്പ് ഡയറക്ടറേറ്റ്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
