
Perinthalmanna Radio
Date: 12-01-2023
ന്യൂഡൽഹി: കേരളത്തിലേത് ഉൾപ്പെടെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കുമുള്ള ബഫർ സോൺ നിബന്ധനകളിൽ ഇളവ് അനുവദിക്കുന്നതു പരിഗണിക്കാമെന്ന് സുപ്രീം കോടതി വാക്കാൽ സൂചിപ്പിച്ചു. ബഫർ സോണുകൾക്കു കർശന നിബന്ധനകൾ നിർദേശിച്ച് കഴിഞ്ഞ ജൂണിൽ നൽകിയ വിധി നിലവിലുള്ള കരട് വിജ്ഞാപനങ്ങൾക്കു ബാധകമാക്കരുതെന്നാണ് കേരളത്തിന്റെ ആവശ്യം. കേരളത്തിൽ മതികെട്ടാൻ ചോലയുടെ കാര്യത്തിലാണ് അന്തിമ വിജ്ഞാപനമായിട്ടുള്ളത്. ബാക്കിയുള്ളവ കരടു വിജ്ഞാപന ഘട്ടത്തിലാണ്.
അന്തിമ വിജ്ഞാപനം ഇറങ്ങിയവയുടെ കാര്യത്തിൽ ഒരു കിലോമീറ്റർ ബഫർ സോൺ നിബന്ധനയിൽ ഇളവുണ്ടാകുമെന്നും ജഡ്ജിമാരായ ബി.ആർ.ഗവായ്, എം.എം.സുന്ദരേശ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കേരളത്തെ സംബന്ധിച്ച് ആശ്വാസമേകുന്നതാണ് കോടതി നിലപാട്. ജൂൺ മൂന്നിലെ വിധി പരിഷ്കരിക്കണമെന്ന കേന്ദ്രത്തിന്റെ അപേക്ഷ 16നു വീണ്ടും പരിഗണിക്കും. ജൂണിലെ വിധി നൽകിയത് മൂന്നംഗ ബെഞ്ചാണ്. അതിൽ മാറ്റങ്ങൾ വരുത്താൻ രണ്ടംഗ ബെഞ്ചിനു സാധിക്കുമോയെന്നും 16നു പരിശോധിക്കും.
അന്തിമ വിജ്ഞാപനവും കരടു വിജ്ഞാപനവും ഇറങ്ങിയതും സംസ്ഥാനങ്ങളിൽനിന്ന് നിർദേശങ്ങൾ ലഭിച്ചതുമായ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും നിലവിലെ വിധി ബാധകമല്ലെന്നു വ്യക്തമാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ഇതിനെ പിന്താങ്ങി കേരള സർക്കാരും കർഷക സംഘടനകളും നൽകിയ ഇടപെടൽ ഹർജികളും 16നു പരിഗണിക്കും. കേന്ദ്രത്തിനുവേണ്ടി ഹാജരാകേണ്ട സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറ്റൊരു കേസിൽ ഭരണഘടനാ ബെഞ്ച് മുൻപാകെയായിരുന്നു. അതിനാലാണ് ഇന്നലെ വിശദമായ വാദം നടക്കാതിരുന്നത്.
ബഫർ സോൺ വിധി സംസ്ഥാനത്ത് വലിയ ആശങ്ക സൃഷ്ടിച്ചതായി കേരള സർക്കാരിനുവേണ്ടി ജയ്ദീപ് ഗുപ്തയും സ്റ്റാൻഡിങ് കൗൺസൽ നിഷേ രാജൻ ശങ്കറും വാദിച്ചു. കേരളത്തിലേതിനു സമാനമായ ആശങ്ക മറ്റു പല സംസ്ഥാനങ്ങളിലുമുണ്ടെന്ന് വിഷയത്തിൽ കോടതിയെ സഹായിക്കുന്ന അമിക്കസ് ക്യൂറി കെ.പരമേശ്വറും ചൂണ്ടിക്കാട്ടി. വിഷയത്തെ പൊതുവായി പരിഗണിച്ചു സമഗ്ര സമീപനമാകും ഉചിതമെന്ന് അദ്ദേഹം നിർദേശിച്ചു.
എറണാകുളത്ത് മംഗളവനത്തിനുള്ള നിബന്ധന കേരള ഹൈക്കോടതി കെട്ടിടത്തെ പോലും ബാധിക്കുമെന്നു ജയ്ദീപ് ഗുപ്ത വിശദീകരിച്ചു. സംസ്ഥാനത്തു നിയന്ത്രണങ്ങൾ ബാധകമാകുന്ന മറ്റു പ്രദേശങ്ങളുടെ കാര്യം ജയ്ദീപ് ഗുപ്ത പരാമർശിച്ചപ്പോൾ, നേരത്തെ വന്ന ഹർജികളിൽ ഇളവ് അനുവദിച്ചിട്ടുണ്ടല്ലോയെന്ന് കോടതി പറഞ്ഞു. അത് അന്തിമ വിജ്ഞാപനങ്ങളുടെ കാര്യത്തിലാണെന്നും കേരളത്തിൽ ഒന്നൊഴികെ എല്ലാം കരടു വിജ്ഞാപന ഘട്ടത്തിലാണെന്നും അഭിഭാഷകൻ മറുപടി നൽകി.
പെരിയാർ പ്രൊട്ടക്ഷൻ വാലി മൂവ്മെന്റിനു വേണ്ടി വി.െക.ബിജുവും കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) പ്രതിനിധി ഷെല്ലി ജോസഫിനുവേണ്ടി വി. ഉഷാനന്ദിനിയും ഹാജരായി. ജൂണിലെ വിധിയുടെ പുനഃപരിശോധന ആവശ്യപ്പെട്ട് കേരള സർക്കാരും കിഫയും നൽകിയ ഹർജികൾ എപ്പോൾ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
