പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ജൂൺ ഒന്നുമുതൽ സ്വകാര്യബസ് തൊഴിലാളി സമരം

Share to

Perinthalmanna Radio
Date: 10-04-2023

സംസ്ഥാനത്തെ സ്വകാര്യബസ്‌ മേഖല നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ജൂൺ ഒന്നുമുതൽ അനിശ്ചിതകാല സമരം നടത്താൻ തീരുമാനം.

സ്വകാര്യബസ്‌ മേഖലയെ ഇല്ലാതാക്കാൻ അധികാരികൾ ശ്രമിക്കുകയാണെന്നാരോപിച്ച് ഓൾ കേരള പ്രൈവറ്റ് ബസ് മെമ്പേഴ്‌സ് (എ.കെ.പി.ബി.എം) മൂന്നു മേഖലകളിലായി നടത്തുന്ന സമരത്തിന്റെ ആദ്യഘട്ട കൺവെൻഷനിലാണ് തീരുമാനം. വളാഞ്ചേരി എൻ.പി.കെ. ടവറിലാണ് ആദ്യ കൺവെൻഷൻ നടന്നത്.

ഇരുപത്തയ്യായിരത്തോളം ബസുകൾ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോൾ അവശേഷിക്കുന്നത് 5400 എണ്ണം മാത്രമാണ്. കെ.എസ്.ആർ.ടി.സി.യെ സംരക്ഷിക്കാനെന്ന പേരിൽ രണ്ടുലക്ഷത്തിലധികം തൊഴിലാളികൾ പണിയെടുക്കുന്ന സ്വകാര്യബസ് മേഖലയെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കൺവെൻഷൻ കുറ്റപ്പെടുത്തി. കാലാവധി കഴിഞ്ഞ ആയിരത്തി ഇരുനൂറ് കെ.എസ്.ആർ.ടി.സി. ബസുകൾ സർവീസ് നടത്തുന്നതിനെതിരേ പരാതി നൽകാനും കൺവെൻഷൻ തീരുമാനിച്ചു.

സമരത്തിന്റെ ഭാഗമായി 25-ന് കോഴിക്കോട് കളക്ടറേറ്റും തുടർന്നുള്ള ദിവസങ്ങളിൽ മറ്റു കളക്ടറേറ്റുകളും ഉപരോധിക്കും. നിയമസഭാമന്ദിരം വളയുന്നതിനുള്ള തീയതി കണ്ണൂർ, കോട്ടയം മേഖലാ സമരപ്രഖ്യാപന കൺവെൻഷനുകൾക്കുശേഷം തീരുമാനിക്കും.

എ.കെ.പി.ബി.എം. സംസ്ഥാനപ്രസിഡന്റ് സി.പി. മണിലാൽ ഉദ്ഘാടനംചെയ്തു. സമദ് കോഴിക്കോട് അധ്യക്ഷതവഹിച്ചു. ഷിബു പാട്ടശ്ശേരി കണ്ണൂർ, പ്രദീപ് പട്ടയിൽ വേങ്ങര, മോഹനൻ വളാഞ്ചേരി, സി.പി. അനൂപ്, ബസ് ഓപ്പറേറ്റേഴ്‌സ് വളാഞ്ചേരി മേഖലാ ഭാരവാഹി താഹിർ, എസ്.ടി.യു. സംസ്ഥാനസമിതി അംഗം ഷംസുദ്ദീൻ, മോഹനൻ വളാഞ്ചേരി എന്നിവർ പ്രസംഗിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *