
Perinthalmanna Radio
Date: 27-04-2023
കൊണ്ടോട്ടി: ക്വാറി സമരംമൂലം മെറ്റൽ ലഭിക്കാതെയും പാരിസ്ഥിതികാനുമതിയില്ലാത്തതിനാൽ മണ്ണു ലഭിക്കാതെയും വിമാനത്താവളത്തിലെ റൺവേ റീടാറിങ് നിലച്ചത് ഏറ്റവും പ്രതിസന്ധിയിലാക്കുന്നത് കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള ഹജ്ജ് സർവീസുകളെ.
മേയ് 30-നകം റൺവേ റീടാറിങ് പൂർത്തിയായില്ലെങ്കിൽ ഇവിടെനിന്നുള്ള ഹജ്ജ് വിമാന സർവീസ് മുടങ്ങിയേക്കും.
ജൂൺ ഏഴുമുതലാണ് ഹജ്ജ് വിമാനം സർവീസ് നടത്തുക. റൺവേ റീടാറിങ് പൂർത്തിയാകുന്നതിനൊപ്പംതന്നെ ഇരുവശങ്ങളിലും മണ്ണിടുന്ന പ്രവൃത്തിയും പൂർത്തീകരിക്കേണ്ടതുണ്ട്. ടാറിങ്ങും വശങ്ങളിലെ മൺപ്രതലവും ഒരേ നിരപ്പിലാക്കുന്നതിനാണ് മണ്ണിടുന്നത്.
ചില ഭാഗങ്ങളിൽ ഒരടിയിലേറെ ഉയർത്തി മണ്ണിടാനുണ്ട്. ഒരുലക്ഷം ഘനമീറ്റർ മണ്ണ് വേണ്ടിവരും. മണ്ണെടുക്കുന്നതിന് മൈനിങ് ആൻഡ് ജിയോളജി അനുമതി നൽകിയിട്ടുണ്ടെങ്കിലും പാരിസ്ഥിതികാനുമതി വേണമെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്. അംഗീകൃത ഏജൻസി നടത്തുന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പാരിസ്ഥിതികാനുമതി നൽകുക. പഠനത്തിനും റിപ്പോർട്ട് തയ്യാറാക്കുന്നതിനുമെല്ലാമായി മാസങ്ങൾ വേണ്ടിവരും. ഇത് വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിക്കും.
പാരിസ്ഥിതികാനുമതിയുടെ കാര്യത്തിൽ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കരാർ കമ്പനി വിമാനത്താവളത്തിന്റെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്‌മാനെ കാണാൻ ശ്രമം നടത്തുന്നുണ്ട്. 56 കോടി രൂപയ്ക്ക് ഡൽഹി ആസ്ഥാനമായ എൻ.എസ്.ഇ. കമ്പനിയാണ് റൺവേ റീകാർപെറ്റിങ് കരാർ എടുത്തത്.
കരിങ്കൽ ക്വാറി-ക്രഷർ സമരത്തെത്തുടർന്ന് റീടാറിങ് പ്രവൃത്തിയും പൂർണമായും നിലച്ചിരിക്കുകയാണ്. മഴ ശക്തിപ്പെടുംമുൻപേ ടാറിങ് പൂർത്തിയാക്കിയില്ലെങ്കിൽ വീണ്ടും കാലതാമസം നേരിടും.
ഈവർഷം കരിപ്പൂരിൽ ഹജ്ജ് ക്യാമ്പും ഹജ്ജ് വിമാന സർവീസുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തീർഥാടകർ.
എയർ ഇന്ത്യ എക്സ്പ്രസ് ആണ് കരിപ്പൂരിൽനിന്നുള്ള ഹജ്ജ് സർവീസ് ഏറ്റെടുത്തത്. ചെറിയ വിമാനം ഉപയോഗിച്ചായിരിക്കും സർവീസ് നടത്തുക. 6322 പേർ കരിപ്പൂരിൽനിന്ന് ഹജ്ജിന് പുറപ്പെടാൻ അപേക്ഷിച്ചിട്ടുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
