Perinthalmanna Radio
Date: 02-06-2023
കോഴിക്കോട് വിമാന താവളത്തിലെ റെസ (റൺവേ എൻഡ് സേഫ്‌റ്റി ഏരിയ) വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ നടത്തിയ സാമൂഹികാഘാത പഠന റിപ്പോർട്ട് പരിശോധിച്ച വിദഗ്ധ സമിതി അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. സമിതി ചെയർമാൻ ഡോ. എം. ഉസ്‌മാനാണ് കളക്ടർ പി.ആർ. പ്രേംകുമാറിന് റിപ്പോർട്ട് കൈമാറിയത്.
ഏറ്റെടുക്കുന്ന ഭൂമിക്ക് തരംനോക്കാതെ സെന്റിന് അഞ്ചുലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകണമെന്നും വീട് നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് സമയബന്ധിതമായി നടപ്പാക്കണമെന്നും ശുപാർശചെയ്തിട്ടുണ്ട്.
കൊണ്ടോട്ടി താലൂക്കിൽ പള്ളിക്കൽ, നെടിയിരുപ്പ് വില്ലേജുകളിൽനിന്നായി 14.5 ഏക്കർ ഭൂമി ഏറ്റെടുത്ത് റെസ വികസനം നടത്തുകയാണു ലക്ഷ്യം. തിരുവനന്തപുരത്തെ സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്‌മെൻറ് എന്ന ഏജൻസിയാണ് സാമൂഹികാഘാത പഠനറിപ്പോർട്ട് തയ്യാറാക്കിയത്. ഇതു വിശദമായി പരിശോധിച്ചാണ് സമിതി അന്തിമ റിപ്പോർട്ട് തയ്യാറാക്കിയത്.
പള്ളിക്കൽ പഞ്ചായത്ത് കാര്യാലയം, കൊണ്ടോട്ടി മുനിസിപ്പൽ കൗൺസിൽ ഹാൾ എന്നിവിടങ്ങളിൽ സമിതി യോഗംചേരുകയും വിശദമായ സ്ഥലപരിശോധന നടത്തുകയുംചെയ്തു. വിമാനത്താവള ഉപദേശകസമിതി ചെയർമാൻ എം.പി. അബ്ദുസ്സമദ് സമദാനി എം.പി., എം.എൽ.എ.മാരായ പി. അബ്ദുൽഹമീദ്, ടി.വി. ഇബ്രാഹിം, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സി. മുഹമ്മദാലി, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ കൈമാറിയ അഭിപ്രായങ്ങളും നിർദേശങ്ങളും സമിതി പരിഗണിച്ചു.
സാമൂഹിക-സാമ്പത്തിക ശാസ്ത്രജ്ഞനും ഉന്നതവിദ്യാഭ്യാസ വിദഗ്ധനും എം.ഐ.സി. കോളേജ് പ്രിൻസിപ്പലുമാണ് സമിതി അധ്യക്ഷനായ ഡോ. എം. ഉസ്‌മാൻ. മുൻ എ.ഡി.എം. ബാലകൃഷ്ണക്കുറുപ്പ്, മുൻ ആർ.ഡി.ഒ. കെ. നാരായണൻകുട്ടി, മഞ്ചേരി എൻ.എസ്.എസ്. കോളേജിലെ ഡോ. ആർ. സാജൻ എന്നിവരും പഠനങ്ങളിൽ പങ്കാളിയായി.
*മറ്റു ശുപാർശകൾ*
വീടുകൾക്കും കെട്ടിടങ്ങൾക്കും മൂല്യത്തകർച്ച കണക്കിലെടുക്കാതെ കേന്ദ്ര പൊതുമരാമത്തു വകുപ്പ് നൽകുന്ന തോതിലുള്ള നഷ്‌ടപരിഹാരം
10 ലക്ഷം രൂപ വീതമെങ്കിലും ആശ്വാസധനം.
വീട് നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാൻ, വിമാനത്താവളത്തിനുവേണ്ടി മുൻപ് ഏറ്റെടുത്ത കോടങ്ങാട്-ചിറയിൽ ചുങ്കം റോഡിനു സമീപമുള്ള നാലര ഏക്കർ സ്ഥലം ഉപയോഗപ്പെടുത്തണം.
വീട് ഒഴിഞ്ഞു പോകേണ്ടി വരുന്നവർക്ക് പുതിയ വീട് നിർമിക്കുന്നതുവരെ ന്യായമായ വീട്ടുവാടക നൽകണം.
പട്ടയം ഇല്ലാത്ത ഭൂമിക്ക് അടിയന്തരമായി പട്ടയം നൽകി നഷ്‌ടപരിഹാര പാക്കേജ് നടപ്പാക്കണം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ