റൺവേ വികസനത്തിൽ വീട് നഷ്ടപ്പെടുന്നവർക്ക് അധിക നഷ്ട പരിഹാരം പരിഗണനയിൽ

Share to

Perinthalmanna Radio
Date: 30-06-2023

മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേ വികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ വീടു നഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് അധിക നഷ്ടപരിഹാരം നൽകുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിൽ. ആകെ 98 ഭൂവുടമകളിൽ നിന്നായി 14.5 ഏക്കറാണ് ഏറ്റെടുക്കേണ്ടി വരിക. ഇതിൽ വീട് നഷ്ടമാകുന്ന 64 കുടുംബങ്ങളുണ്ട്. വീടിനും സ്ഥലത്തിനും വെവ്വേറെ നഷ്ടപരിഹാരത്തുകയാണു നൽകുന്നത്. ഇതിനു പുറമേ, ഒരു വീടിന് 4.60 ലക്ഷം രൂപ അധികം നൽകാനും തീരുമാനിച്ചിരുന്നു. ഈ തുക 10 ലക്ഷം ആക്കി ഉയർത്തണമെന്നാണ് ഭൂവുടമകൾ ആവശ്യപ്പെട്ടത്.

ഈ ആവശ്യം പരിഗണിച്ചാൽ 3.45 കോടി രൂപ കൂടി അധികമായി ഭൂമിയേറ്റെടുക്കലിനു വേണ്ടിവരും. ഇക്കാര്യമാണ് സർക്കാരിന്റെ സജീവ പരിഗണനയിലുള്ളത്. വീട് നഷ്ടമാകുന്നവരിൽ പലരും ഇതിനു മുൻപും വിമാനത്താവളത്തിനായി ഭൂമി വിട്ടുകൊടുത്തവരായതിനാൽ അധിക നഷ്ടപരിഹാരത്തിന് യോഗ്യതയുണ്ടെന്നാണു നിലവിൽ വിലയിരുത്തൽ. അധിക തുക സംബന്ധിച്ച കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കി ജൂലൈ 31ന് അകം ഭൂമിയേറ്റെടുത്തു കൈമാറാനാകുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. മറ്റെന്തെങ്കിലും സാങ്കേതിക തടസ്സങ്ങൾ ഉണ്ടായാൽക്കൂടി ഓഗസ്റ്റ് 15ന് അകം ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 

റൺവേ വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ ഭരണാനുമതി ലഭിക്കുന്നത് കഴിഞ്ഞ വർഷം ഓഗസ്റ്റ് 11ന് ആണ്. ആദ്യ വിജ്ഞാപനമിറങ്ങുന്നത് ഓഗസ്റ്റ് 19നും. മറ്റൊരു ഓഗസ്റ്റിലേക്കുകൂടി നടപടിക്രമങ്ങൾ നീളുമോ അതോ ജൂലൈയിൽ തന്നെ തീരുമാനമാകുമോ എന്നാണ് ഇനി അറിയാനുള്ളത്. ആദ്യ വിജ്ഞാപനമിറങ്ങിയതിനു ശേഷം ഭൂവുടമകളുടെ പ്രതിഷേധം കാരണം പലതവണ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കു തടസ്സം നേരിട്ടു. മന്ത്രി വി.അബ്ദുറഹിമാന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഭൂവുടമസ്ഥരും ചർച്ച നടത്തിയ ശേഷമാണ് ഓരോ തവണയും മുന്നോട്ടു പോയത്. വീടു നഷ്ടപ്പെടുന്നവർക്കുള്ള അധിക നഷ്ടപരിഹാരം ഉൾപ്പെടെ 84 കോടി രൂപയാണ് ഭൂമിയേറ്റെടുക്കലിനു വേണ്ടിവരിക. ഇത് അനുവദിച്ചാൽ ഭൂമി ഏറ്റെടുക്കലിന്റെ അവസാന വിജ്ഞാപനം 19(1) ഇറക്കാൻ കഴിയുമെന്നും ജൂലൈ 31ന് തന്നെ ഭൂമി ഏറ്റെടുത്ത് കൈമാറാൻ കഴിയുമെന്നാണു പ്രതീക്ഷ.
  …………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *