കരിപ്പൂർ ഭൂമി ഏറ്റെടുക്കൽ; വിലനിർണയ റിപ്പോർട്ട് പരിഗണനയിൽ

Share to

Perinthalmanna Radio
Date: 20-07-2023

കരിപ്പൂർ വിമാനത്താവളത്തിൽ റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) വിപുലീകരണത്തിന് ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിശ്ചയിക്കുന്നതിന്റെ ഭാഗമായുള്ള അടിസ്ഥാന വില നിർണയ റിപ്പോർട്ട് (ബി.വി.ആർ.- ബേസിക് വാല്യു റിപ്പോർട്ട്) ജില്ലാകളക്ടറുടെ പരിഗണനയിൽ. കരിപ്പൂരിലെ ഭൂമി ഏറ്റെടുക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർ തയ്യാറാക്കിയ റിപ്പോർട്ട് ബുധനാഴ്ച ജില്ലാകളക്ടർക്ക് കൈമാറി.

റിപ്പോർട്ടിന് അംഗീകാരം നൽകുന്നതിനുമുമ്പ് കളക്ടർക്ക് ആവശ്യമെങ്കിൽ പുനഃപരിശോധന നടത്താം. ഇല്ലെങ്കിൽ റിപ്പോർട്ട് കളക്ടറുടെ അംഗീകാരത്തോടെ സർക്കാരിന്റെ അനുമതിക്കു വിടും. സർക്കാർ അംഗീകരിച്ചശേഷം റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തും.

റെസ വിപുലീകരണത്തിനായി പള്ളിക്കൽ, നെടിയിരുപ്പ് വില്ലേജുകളിൽനിന്നായി 98 ഉടമകളിൽനിന്ന് 14.5 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 64 കുടുംബങ്ങൾക്ക് വീട് നഷ്ടപ്പെടും. ഈ കുടുംബങ്ങൾക്ക് അധികമായി 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. ബി.വി.ആർ. അംഗീകരിച്ചശേഷം വിശദമായ വില നിർണയ റിപ്പോർട്ട് (ഡി.വി.ആർ.- ഡീറ്റെയിൽഡ് വാല്യൂ റിപ്പോർട്ട്) തയ്യാറാക്കണം. ഓരോ ഭൂവുടമയുടെയും ആസ്തികൾ സർവേ നടത്തിയാണ് ഇത് തയ്യാറാക്കുക. ഡി.വി.ആർ. പ്രസിദ്ധീകരിക്കുന്നതിനൊപ്പം നഷ്ടപരിഹാര പാക്കേജും പ്രഖ്യാപിക്കും. കഴിഞ്ഞ മാർച്ച് 31-നകം ഭൂമി ഏറ്റെടുത്തു നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.

ഭൂമി ലഭ്യമാക്കുന്നതിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ വ്യക്തമായ ആശയവിനിമയം നടക്കാത്തത് കരിപ്പൂരിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച്‌ ഒന്നിലേറെ തവണ സംസ്ഥാനസർക്കാരിനു കത്തയച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നാണ് വിമാനത്താവള അതോറിറ്റിയുടെ നിലപാട്. ഓഗസ്റ്റ് ഒന്നിനകം ഭൂമി ഏറ്റെടുത്തു നൽകിയില്ലെങ്കിൽ റൺവേയുടെ നീളം വെട്ടിക്കുറച്ച് റെസ വിപുലീകരിക്കാനാണ് കേന്ദ്രസർക്കാരിന്റെയും വിമാനത്താവള അതോറിറ്റിയുടെയും തീരുമാനം. റൺവേയുടെ നീളം വെട്ടിക്കുറയ്ക്കുന്നതിന് എടുത്ത നടപടികളെക്കുറിച്ച് എയർപോർട്ട് ഡയറക്ടറോട് വിമാനത്താവള അതോറിറ്റി വിശദീകരണം ചോദിച്ചിരിക്കുകയാണ്
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *