
Perinthalmanna Radio
Date: 26-07-2023
കോഴിക്കോട് വിമാനത്താവള വികസനത്തിന് സെപ്റ്റംബർ 15-നകം ഭൂമി ഏറ്റെടുത്ത് നൽകാമെന്ന് അറിയിച്ച് സംസ്ഥാന സർക്കാർ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു.
സംസ്ഥാന സർക്കാരിനുവേണ്ടി ചീഫ് സെക്രട്ടറി ഡോ. വി. വേണുവാണ് കഴിഞ്ഞ ദിവസം കത്ത് നൽകിയത്. ഓഗസ്റ്റ് ഒന്നിനകം ഭൂമി കൈമാറിയില്ലെങ്കിൽ വിമാനത്താവളത്തിലെ റൺവേ വെട്ടിക്കുറച്ച് റെസ വിപുലീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യസിന്ധ്യ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു.
കഴിഞ്ഞ മാർച്ച് 31-നകം ഭൂമി കൈമാറാമെന്നായിരുന്നു സംസ്ഥാന സർക്കാർ നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നത്. മാസങ്ങൾ പിന്നിട്ടിട്ടും നടപടിയില്ലാതായതോടെയാണ് കേന്ദ്രം തീരുമാനം കടുപ്പിച്ചത്. 2860 മീറ്റർ നീളമുള്ള റൺവേ ഭൂമി കിട്ടിയില്ലെങ്കിൽ 2540 മീറ്ററായി കുറയ്ക്കാനാണ് തീരുമാനം. 90 മീറ്റർ നീളമുള്ള റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) 240 മീറ്ററാക്കാനാണ് പദ്ധതി. 2020-ൽ നടന്ന വിമാനാപകടത്തെ തുടർന്നാണ് വിദഗ്ധസമിതി റെസ വിപുലീകരിക്കാൻ ശുപാർശ ചെയ്തത്. റൺവേ 2540 മീറ്ററാക്കുന്നതിനുള്ള നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ വിമാനത്താവള ഡയറക്ടർക്ക് വിമാനത്താവള അതോറിറ്റി നിർദേശം നൽകിയിരിക്കുകയാണ്.
ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഭൂമി ഏറ്റെടുക്കൽ വിഭാഗം തയ്യാറാക്കിയ അടിസ്ഥാന വിലനിർണയ റിപ്പോർട്ട് ജില്ലാ കളക്ടറുടെ പരിഗണനയിലാണ്. വിശദമായ വിലനിർണയ റിപ്പോർട്ടും പുനരധിവാസ പാക്കേജും പ്രഖ്യാപിക്കുന്നതോടെ ഭൂമി ഏറ്റെടുക്കാൻ കഴിയും.
സെപ്റ്റംബർ 15-നകം ഭൂമി ഏറ്റെടുത്ത് കൈമാറുമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെ അറിയിച്ചതായി വിമാനത്താവള ഡയറക്ടർ എസ്. സുരേഷ്, വ്യോമയാന മന്ത്രി ജ്യോതിരാദിത്യസിന്ധ്യക്ക് മെമ്മോറാണ്ടം നൽകാൻ ചൊവ്വാഴ്ച എത്തിയ കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ഭാരവാഹികളോട് പറഞ്ഞു. സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്ത് നൽകിയാൽ 484.57 കോടി രൂപയുടെ വികസനപ്രവർത്തനമാണ് കരിപ്പൂരിൽ വിമാനത്താവള അതോറിറ്റി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. റൺവേയുടെ ഉയരത്തിൽ മണ്ണിട്ട് ഉയർത്തി റെസ നിർമാണം, ഐ.എൽ.എസ്. അടക്കമുള്ള ഗതി നിയന്ത്രണ സംവിധാനങ്ങൾ മാറ്റിസ്ഥാപിക്കൽ, ഓട നിർമാണം തുടങ്ങിയവയ്ക്കാണ് ഇത്രയും തുക മാറ്റിവെച്ചിരിക്കുന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B8bFzD8KOmd4Ats7h5bOJu
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
