
Perinthalmanna Radio
Date: 27-04-2023
ട്രാഫിക് സുരക്ഷയുടെ ഭാഗമായി പോലീസും മോട്ടോർവാഹന വകുപ്പും സ്ഥാപിച്ച ക്യാമറകളിൽ പലതും പ്രവർത്തന രഹിതം. റോഡ് നവീകരണവും അറ്റകുറ്റപ്പണി കരാർ അവസാനിച്ചതും കാരണം ക്യാമറകളിൽ പകുതിയോളമേ പ്രവർത്തിക്കുന്നുള്ളൂ. ഇവയിൽ ഭൂരിഭാഗവും സ്ഥാപിച്ചത് കെൽട്രോണാണ്.
കൂടാതെ പോലീസും കെൽട്രോണുമായി ചേർന്ന് ആയിരത്തോളം ക്യാമറകൾ സ്ഥാപിക്കാനുള്ള നീക്കവുമുണ്ട്. സംസ്ഥാനത്തുടനീളം മോട്ടോർവാഹന വകുപ്പിനുവേണ്ടി കെൽട്രോൺ 240 ഓട്ടോമേറ്റഡ് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് സംവിധാനമൊരുക്കിയിരുന്നു. എൻഫോഴ്‌സ്‌മെന്റ് കൺട്രോൾ റൂം ഉൾപ്പെടെയായിരുന്നു ഇത്. ഇതിനായി സ്ഥാപിച്ച ക്യാമറകളിൽ പകുതിയിൽ താഴെമാത്രമേ പ്രവർത്തിക്കുന്നുള്ളൂ.
സംസ്ഥാന പോലീസും നിരത്തുകളിൽ ഓട്ടോമാറ്റിക് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് സംവിധാനത്തിന്റെ ഭാഗമായി 115 ക്യാമറകൾ സ്ഥാപിച്ചിരുന്നു. പിന്നീട് സുരക്ഷയ്ക്കും ട്രാഫിക് നിയന്ത്രണത്തിനുമായി അഞ്ഞൂറിലധികം ക്യാമറകളും കെൽട്രോൺ മുഖേന സ്ഥാപിച്ചു. ഇവയിലും മിക്കക്യാമറകളും പ്രവർത്തിക്കുന്നില്ല.
തൃശ്ശൂർ, കൊല്ലം, കാസർകോട് ജില്ലകളിൽ ബോർഡർ സീലിങ് ക്യാമറകൾ സ്ഥാപിച്ചതും കെൽട്രോൺ മുഖേനയാണ്. പ്രവർത്തിക്കാത്ത ക്യാമറകൾ മാറ്റി പുതിയ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് ക്യാമറകൾ സ്ഥാപിക്കുന്നതിന് സംസ്ഥാന പോലീസ് നീക്കം നടത്തുന്നത്.
മോട്ടോർ വാഹന വകുപ്പ് ഇതേ സ്വഭാവമുള്ള 700-ൽ അധികം ക്യാമറകൾ ഇപ്പോൾ തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ നിന്നുള്ള ദൃശ്യങ്ങൾ ആവശ്യമാണെങ്കിൽ പോലീസിനും ലഭ്യമാക്കണം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
