Perinthalmanna Radio
Date: 09-03-2023
മലപ്പുറം: ജില്ലയില്‍ 3 പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എടക്കര, അമരമ്പലം, തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്ക് വീതമാണ് ഇന്ന് (മാര്‍ച്ച് 9) കോളറ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി. നേരത്തെ വഴിക്കടവ് ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള 8 പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചിരുന്നത്. കോളറയാണെന്ന് സംശയിക്കുന്ന 41 കേസുകളും ജില്ലയില്‍ ഇതു വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 12 പേര്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. മറ്റുള്ളവര്‍ നീരീക്ഷണത്തിലും കഴിയുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്ത തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഓണ്‍ലൈന്‍ യോഗം നാളെ ഉച്ചയ്ക്ക് 12.30 ന് പെരിന്തല്‍മണ്ണ സബ്കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേരും. വഴിക്കടവിലെ കാരക്കോടന്‍ പുഴയില്‍ നിന്നും ജലനിധി വഴി പമ്പ് ചെയ്യുന്ന വെള്ളമാണ് രോഗ വ്യാപനത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ പുഴയിലെ വെള്ളം ശുദ്ധീകരിച്ചു. ഇടവിട്ട് വെള്ളം ക്ലോറിനേറ്റ് ചെയ്യാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ നിര്‍ദ്ദേശം നല്‍കി. പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നത് കണ്ടെത്താന്‍ ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ വഴിക്കടവ് ടൗണില്‍ ഇന്ന് പരിശോധന നടത്തി. അഴുക്കു ചാലുകളുടെ സ്ലാബ് നീക്കം ചെയ്ത് നടത്തിയ പരിശോധനയില്‍ പുഴയിലേക്ക് മാലിന്യം ഒഴുക്കുന്ന സ്ഥാപനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഥാപന ഉടമകള്‍ക്ക് ഗ്രാമപഞ്ചായത്ത് നോട്ടീസ് നല്‍കിയിട്ടുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ