തിരുവനന്തപുരം : ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നതായി ആരോഗ്യ വിദഗ്ദ്ധർ. ഓണത്തിന് ശേഷം ദിവസവും ആയിരക്കണക്കിന് ആളുകളാണ് പനി ബാധയുമായി ആശുപത്രിയിൽ എത്തുന്നത്. ഇന്നലെ സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയത് 12443 പേരാണ്. 670 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ചികിത്സയിൽ ഇപ്പോൾ സംസ്ഥാനത്ത് 8452പേരാണുള്ളത്. ഇവരിൽ പലരുടേയും അവസ്ഥ ഗുരുതരമാണ്. കഴിഞ്ഞ മാസം 336 പേരുടെ മരണകാരണം കൊവിഡ് മൂലമെന്ന് കണ്ടെത്തിയിട്ടുണ്ട്.
പനിക്ക് ചികിത്സ തേടിയെത്തുന്നവരിൽ കൊവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നതിനാൽ ഇനിയും നിസാരമായി കാണരുത്. വൃദ്ധരിലും, മറ്റ് അസുഖങ്ങൾ അലട്ടുന്നവരിലും കൊവിഡ് ഗുരുതരമാവുന്ന അവസ്ഥയാണുള്ളത്.
കൊവിഡ് അവസാനിച്ചു എന്ന് മട്ടിലാണ് സാമൂഹിക അകലവും, മാസ്‌കും ഉപേക്ഷിച്ച് ജനം പുറത്തിറങ്ങുന്നത്. എന്നാൽ മാസ്‌ക് ഇനിയും ധരിക്കണമെന്നാണ് ഡോക്ടർമാർ നൽകുന്ന ഉപദേശം.