Perinthalmanna Radio
Date: 04-03-2023
മലപ്പുറം: ജില്ലയിൽ ഇതുവരെ 18 വയസിന് മുകളിലുള്ളവർക്കുള്ള ബൂസ്റ്റർ ഡോസ് എടുത്തത് 2,27,603 പേർ മാത്രം. വാക്‌സിനെടുക്കേണ്ടവരുടെ എട്ട് ശതമാനമാണിത്. ജില്ലാ ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം 18 വയസിന് മുകളിൽ 32,91,772 പേരാണ് ഉള്ളത്. ഇതിൽ 31,47,582 പേർ കൊവിഡ് ഒന്നാം ഡോസും 25,78,667 പേർ രണ്ടാം ഡോസും എടുത്തിട്ടുണ്ട്. എന്നാൽ ബൂസ്റ്റർ ഡോസ് ഇതിനോടകം എടുത്തത് 2,27,603 പേർ മാത്രമാണ്. 15 നും 17 നും ഇടയിൽ പ്രായമുള്ള 2,25,081 പേരിൽ 1,96,531 പേരാണ് ഒന്നാം ഡോസ് എടുത്തിട്ടുള്ളത്. 1,03,063 പേർ രണ്ടാം ഡോസും എടുത്തു.
ജില്ലയിൽ കോ-വാക്‌സിൻ മാത്രമാണ് നിലവിൽ ലഭ്യമായിട്ടുള്ളത്. പ്രൈമറി ഹെൽത്ത് സെന്റർ മുതൽ വ്യാപകമായി നൽകിയിരുന്ന വാക്‌സിൻ ഇപ്പോൾ താലൂക്ക്-ജില്ല-ജനറൽ ആശുപത്രികളിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്. കൊവിഡ് ഭീതി ഒഴിഞ്ഞതോടെയാണ് വാക്‌സിൻ എടുക്കാനുള്ള ആളുകളുടെ എണ്ണത്തിലും ഗണ്യമായ കുറവ് അനുഭവപ്പെടുന്നത്. ഗൾഫ് രാജ്യങ്ങളിലേക്കും ഹജ്ജിനും പോകുന്നവരാണ് ബൂസ്റ്റർ ഡോസ് എടുക്കാൻ നിലവിൽ മുന്നോട്ട് വരുന്നത്.
ഒരു വയലിൽ 10 ഡോസ് വാക്‌സിനാണ് ഉണ്ടാവുക. ഒരു വയൽ പൊട്ടിച്ചാൽ മുഴുവൻ ഉപയോഗിച്ചില്ലെങ്കിലും വീണ്ടും ഉപയോഗിക്കാൻ കഴിയില്ല. പലപ്പോഴും 10 പേർ പോലും എത്താത്തതിനാൽ വാക്‌സിൻ പാഴായിപോകുന്നത് പതിവായിരുന്നു. അതിനാൽ, വാക്‌സിൻ അന്വേഷിച്ച് വരുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് 10 പേരെങ്കിലും ആവുമ്പോൾ അവരെ വിളിച്ച് വാക്‌സിൻ നൽകുകയാണ് ഇപ്പോൾ ചെയ്യുന്നത്. കോവിഷീൽഡ് വാക്‌സിൻ കൂടുതൽ പേരും ഒന്നാം ഡോസ് ആയി എടുത്തത്. എന്നാൽ കോവിഷീൽഡ് സ്റ്റോക്കില്ല. ഇതും വാക്‌സിൻ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണത്തിലെ കുറവിന് കാരണമാണ്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ