
Perinthalmanna Radio
Date: 04-04-2023
സംസ്ഥാനം ഇ സ്റ്റാമ്പിങ് സംവിധാനത്തിലേക്ക് മാറിയതോടെ തൈക്കാട് സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്ന 942 കോടി മൂല്യമുള്ള നോൺ ജുഡീഷ്യൽ മുദ്രപ്പത്രങ്ങൾ പാഴാകുമെന്ന് ആശങ്ക. നിലവിൽ സംസ്ഥാനത്തെ ട്രഷറികളിലെയും വെണ്ടർമാരുടെയും പക്കലുള്ള മുദ്ര പത്രങ്ങളുടെ വിൽപ്പന ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേക്ക് നീട്ടി സർക്കാർ ഉത്തരവ് ഇറക്കിയെങ്കിലും തൈക്കാട് സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്നത് എന്തുചെയ്യണമെന്ന് പറയുന്നില്ല. സെൻട്രൽ ഡിപ്പോയിൽനിന്നാണ് സംസ്ഥാനത്തെ ജില്ലാ ട്രഷറികൾക്കു കീഴിലെ സ്റ്റാമ്പ് ഡിപ്പോകളിലേക്കും തിരുവനന്തപുരത്തെ സബ്ട്രഷറികളിലേക്കും മുദ്രപ്പത്രങ്ങൾ കൊണ്ടു പോകുന്നത്.
എന്നാൽ, ഇ സ്റ്റാമ്പിങ് സംവിധാനമായതോടെ മുദ്രപ്പത്രങ്ങൾ കെട്ടിക്കിടക്കുമെന്ന കാരണത്താൽ ജില്ലാ ട്രഷറികളിലേക്ക് ആവശ്യപ്പെട്ടവർപോലും കൊണ്ടുപോകുന്നില്ല. എറണാകുളത്തേക്കും പത്തനംതിട്ടയ്ക്കും അടുത്തിടെ കുറച്ചു മുദ്രപ്പത്രങ്ങൾ പോയെങ്കിലും പിന്നീടാരും ആവശ്യപ്പെട്ട് എത്തിയില്ല. കഴിഞ്ഞ വർഷം മാർച്ചിൽ 100 കോടി മൂല്യമുള്ള മുദ്രപ്പത്രങ്ങൾ സെൻട്രൽ ഡിപ്പോയിൽ നിന്ന് വിറ്റു പോയിരുന്നു.
ജില്ലാ ട്രഷറികളിൽനിന്നുള്ള ആവശ്യപ്രകാരമാണ് സെൻട്രൽ ഡിപ്പോ അധികൃതർ നാസിക്കിലെയും ഹൈദരാബാദിലെയും സെക്യൂരിറ്റി പ്രസ്സുകൾക്ക് മുദ്രപ്പത്രങ്ങൾ പ്രിന്റ് ചെയ്യാൻ കത്തു നൽകുന്നത്. ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്നത് ഏകദേശം 50 കോടി നൽകിയാണ് പ്രിന്റ് ചെയ്തിരിക്കുന്നത്. നിലവിൽ സെൻട്രൽ ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്നതിന്റെ വിൽപ്പന കുറച്ചുകാലംകൂടി നീട്ടിയാൽ പ്രശ്നം പരിഹരിക്കാം.
ആറ് ഗോഡൗണുകളിലായി 10 മുതൽ 25000 രൂപ വരെ മൂല്യമുള്ള 2.46 കോടി എണ്ണം മുദ്രപ്പത്രങ്ങളാണ് തൈക്കാട് ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഒന്നുമുതൽ ഓരോ ജില്ലകളിലെയും തിരഞ്ഞെടുത്ത ഓരോ സബ്രജിസ്ട്രാർ ഓഫീസുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഒരുലക്ഷം രൂപ വരെയുള്ള മുദ്രപ്പത്രങ്ങൾക്കുകൂടി ഇ സ്റ്റാമ്പിങ് നടപ്പാക്കിയത്. മേയ് രണ്ടുമുതൽ സംസ്ഥാന വ്യാപകമായി തുടങ്ങാനാണ് നീക്കം. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപ്പത്രങ്ങൾക്ക് 2017 മുതൽ ഇ സ്റ്റാമ്പിങ് നിലവിലുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
