കേരളത്തിൽ വൈദ്യുതി ഉപയോഗം കുതിക്കുന്നു

Share to

Perinthalmanna Radio
Date: 20-04-2023

കേരളത്തിലെ വൈദ്യുതി ഉപയോഗം ദിവസേന പുതിയ റെക്കോഡിട്ട് കുതിക്കുന്നു. ചൊവ്വാഴ്ച ഉപയോഗം 10.29 കോടി യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ ദിവസത്തെക്കാൾ 1.33 കോടി യൂണിറ്റ് അധികമാണ്. തിങ്കളാഴ്ചയിലെ 10.035 കോടി യൂണിറ്റ് എന്ന റെക്കോഡാണ് തകർത്തത്.

രാത്രിയിലെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത 5024 മെഗാവാട്ടായി. കോവിഡ് കാലത്തിനു മുമ്പുള്ളതിനെക്കാൾ 14.5 ശതമാനം വർധന. ഇത് അപ്രതീക്ഷിതമാണ്. ആദ്യമായാണ് 5000 കടക്കുന്നത്. കനത്ത ചൂടിൽ നിന്ന് ആശ്വാസം കിട്ടാൻ എ.സി., ഫാൻ എന്നിവയുടെ ഉപയോഗം കൂടി.

അവധി ദിവസങ്ങളിൽ  മാത്രമാണ് ഉപയോഗം കുറയുന്നത്. പുറത്തു നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് ഈ പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്നതെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. ആവശ്യം ഉയർന്നതോടെ പല പ്രസരണ- വിതരണ ശൃംഖലകളും സമ്മർദത്തിലാണ്. പലേടത്തും വോൾട്ടേജ് ക്ഷാമമുണ്ട്. ലൈനുകൾ പുനഃക്രമീകരിച്ചാണ് പരിഹരിക്കാൻ ശ്രമിക്കുന്നത്.

ഇനിയും ഉപയോഗം കൂടിയാൽ അതിന് അനുസരിച്ച് പുറത്തു നിന്ന് കൂടുതൽ വൈദ്യുതി കൊണ്ടു വരാൻ കേരളത്തിന് കഴിയാതെവരും. ലൈനുണ്ടെങ്കിലും നിലവിലെ ട്രാൻസ്‌ഫോർമർ ശേഷിയനുസരിച്ച് പുറത്തുനിന്ന് പരമാവധി 3410 മെഗാവാട്ട് വൈദ്യുതിയാണ് കൊണ്ടു വരാനാവുന്നത്.

ശേഷിക്കുന്നതിൽ 1600 മെഗാവാട്ട് ഇവിടെ ഉത്പാദിപ്പിക്കാം. ഏകദേശം 5000 മെഗാവാട്ടുവരെ ആവശ്യകത ഉയർന്നാലും നേരിടാം. എന്നാൽ, ഇപ്പോൾ തന്നെ അതു കടന്നു.

ഇനിയും കൂടിയാൽ ലോഡ് സെന്ററായ കൊച്ചിയിലെ ഇന്റർകണക്​ഷൻ ട്രാൻസ്‌ഫോർമറിന് അത് താങ്ങാനാവാതെ വരും. ഇറക്കുമതി ശേഷിയുയർത്താൻ അവിടെ പവർഗ്രിഡ് കോർപ്പറേഷന്റെ സബ്‌സ്റ്റേഷനിൽ പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കാൻ ശ്രമംതുടങ്ങിയെങ്കിലും പൂർത്തിയായില്ല.

ട്രാൻസ്‌ഫോർമർ കൊച്ചിയിൽ എത്തിയിട്ടുണ്ട്. എന്നാൽ, പവർഗ്രിഡ് കോർപ്പറേഷന്റെ ഭാഗത്തുനിന്നുള്ള കാലതാമസം കാരണം അടുത്തമാസമേ പൂർത്തിയാക്കാനാവൂ.

ഒന്നുകിൽ മഴപെയ്ത് ചൂടുകുറയണം. അല്ലെങ്കിൽ വൈകുന്നേരം വൈദ്യുതി കരുതലോടെ ഉപയോഗിക്കണം. ഇനിയും കൂടുതൽ വൈദ്യുതി വേണ്ടിവന്നാൽ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്പോലുള്ള നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടി വരുമെന്നാണ് സൂചന.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *