
Perinthalmanna Radio
Date: 11-01-2023
പെട്രോളിനും ഡീസലിനും വിലമാറുന്നതുപോലെ മാസംതോറും വൈദ്യുതിനിരക്ക് പരിഷ്കരിക്കണമെന്ന കേന്ദ്രസർക്കാരിന്റെ പുതിയ ചട്ടം കേരളത്തിലും നടപ്പാക്കും. കെ.എസ്.ഇ.ബി. ഉൾപ്പെടെയുള്ള വിതരണക്കമ്പനികൾ പുറത്തുനിന്ന് വൈദ്യുതി വാങ്ങുമ്പോൾ വരുന്ന അധികച്ചെലവ് മാസംതോറും ഉപഭോക്താക്കളിൽനിന്ന് സർച്ചാർജായി ഈടാക്കണമെന്നാണ് പുതിയ ചട്ടം.
വിപണിയിൽ വൈദ്യുതിക്ക് വില ഉയർന്നുനിൽക്കുന്ന മാസങ്ങളിൽ നിരക്ക് കൂടും. ചെലവുകുറയുന്ന മാസങ്ങളിൽ അതിന്റെ പ്രയോജനം ഉപഭോക്താക്കൾക്ക് നൽകാൻ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽനടന്ന ഉന്നതതലയോഗം തീരുമാനിച്ചു. വൈദ്യുതിക്ക് വിപണിയിൽ വിലകുറഞ്ഞാൽ ആ മാസങ്ങളിൽ ഉപഭോക്താക്കൾ നൽകേണ്ട നിരക്കിലും അതനുസരിച്ച് കുറവുവരുത്തണം. എന്നാലിതിന് നിലവിൽ ചട്ടമില്ല. വിപണിയിൽ വൈദ്യുതിവില ഇപ്പോൾ കൂടുതലാണ്. അടുത്ത ഒരുവർഷത്തേക്കെങ്കിലും ഉയർന്നുനിൽക്കാനാണ് സാധ്യത.
പുതിയചട്ടങ്ങൾ നടപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ മൂന്നുമാസത്തിനകം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നടപ്പാക്കും. ഇപ്പോൾ ഇങ്ങനെ വാങ്ങുന്ന വൈദ്യുതിയുടെ വിലയിൽ ഉത്പാദനത്തിനുള്ള ഇന്ധനവില കൂടുന്നതുകൊണ്ടുള്ള അധികച്ചെലവ് മൂന്നുമാസത്തിലൊരിക്കൽ റെഗുലേറ്ററി കമ്മിഷന്റെ അനുമതിയോടെ ഈടാക്കാനേ അധികാരമുള്ളൂ. എന്നാൽ, ഇനിമുതൽ റെഗുലേറ്ററി കമ്മിഷന്റെ മുൻകൂർ അനുമതി വേണ്ട. ഇന്ധനച്ചെലവിലെ വ്യത്യാസം മാത്രമല്ല, വൈദ്യുതി വാങ്ങുന്നതിലെ എല്ലാ അധികച്ചെലവും മാസംതോറും ഉപഭോക്താക്കളിൽനിന്ന് ഈടാക്കാം. ഇത് നടപ്പാക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടാവുമെന്നാണ് കേരളം വാദിച്ചിരുന്നത്.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
