പാലക്കാട് – കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ; ഭൂമിയുടെ നഷ്ടപരിഹാര നിർണയം ഈ മാസം പൂർത്തിയാക്കും

Share to

Perinthalmanna Radio
Date: 10-06-2023

മലപ്പുറം: കോഴിക്കോട് – പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാതയ്ക്കായി ജില്ലയിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാര നിർണയം ഈ മാസം പൂർത്തിയാക്കും. കെട്ടിട പരിശോധനയും ഭൂമിയുടെ വില നിർണയവും അന്തിമ ഘട്ടത്തിലാണ്. ജൂൺ 29നകം ഓരോ കൈവശങ്ങളുടെയും നഷ്ടപരിഹാരം നിർണയ ഉത്തരവ് കൈമാറും. ഇതോടെ ആഗസ്റ്റ് 30നകം ഭൂമി വിട്ടൊഴിയേണ്ടി വരും. നഷ്ടപരിഹാരം നിർണയ ഉത്തരവ് കൈമാറുന്നതോടെ രണ്ട് മാസമാണ് ഭൂമിയും വീടും വിട്ടൊഴിയാൻ സമയം നൽകുക. 4,​012 കൈവശങ്ങളാണ് ഗ്രീൻഫീൽഡ് പാതയ്ക്കായി ഏറ്റെടുക്കുന്നത്. ഇതിന്റെ ഉടമകൾക്കെല്ലാം പ്രത്യേകം ഉത്തരവുകൾ നൽകും. ഭൂമിയൊഴിഞ്ഞ് രണ്ടു ദിവസത്തിനകം നഷ്ടപരിഹാരം നൽകും. ഭൂമി,​ കെട്ടിടം, ​മരങ്ങൾ, കാർഷിക വിളകൾ തുടങ്ങിയവയുടെ കണക്കും നഷ്ടപരിഹാരവും സംബന്ധിച്ച് വിശദ വിവരങ്ങൾ വില നിർണയ ഉത്തരവിലൂടെ ഉടമകളെ ബോദ്ധ്യപ്പെടുത്തും. ഭൂമി ഏറ്റെടുക്കൽ പൂർത്തിയായ ശേഷമാവും ദേശീയപാത അതോറിറ്റി, പാതയുടെ നിർമ്മാണത്തിനുള്ള ടെൻഡർ തുറന്നു കരാറുകാരെ നിശ്ചയിക്കുക.

45 മീറ്റർ വീതിയിൽ 53 കിലോമീറ്ററാണ് ജില്ലയിലൂടെ ഗ്രീൻഫീൽഡ് പാത കടന്നുപോകുന്നത്. വാഴയൂർ,​ വാഴക്കാട്,​ ചീക്കോട്,​ അരീക്കോട്,​ മുതുവല്ലൂർ,​ കാവന്നൂർ,​ തൂവൂർ,​ എടപ്പറ്റ,​ കരുവാരക്കുണ്ട് വില്ലേജുകളിലൂടെയാണ് ഗ്രീൻഫീൽഡ് പാത കടന്നുപോവുന്നത്.

മൂന്ന് വർഷത്തിനിടെ അഞ്ച് കിലോമീറ്റർ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത പത്ത് ആധാരങ്ങളുടെ വില പരിശോധിച്ചു ഏറ്റവും കൂടിയ തുകയാണ് ഭൂമിയുടെ അടിസ്ഥാന വിലയായി പരിഗണിക്കുക. നികുതി വെട്ടിക്കാൻ പലപ്പോഴും ആധാരത്തിൽ ഭൂമിയുടെ വില കുറച്ചെഴുതുന്ന പ്രവണത തിരിച്ചടിയാവും. റോഡ് സമീപം,​ നഗരം,​ നഗരത്തിൽ നിന്ന് നിശ്ചിത ദൂരം മാറിയത്,​ നിലം,​ പുരയിടം,​ നികത്തിയ ഭൂമി,​ വരുമാനം ഉള്ളതും ഇല്ലാത്തതും എന്നിങ്ങനെ വിവിധ ഭാഗങ്ങളാക്കി ഭൂമികൾ തരംതിരിച്ചാകും വില നിർണയം. ഇതോടെ ഒരുവില്ലേജ് പരിധിയിൽ തന്നെ വ്യത്യസ്ത വിലയാകും ലഭിക്കുക. അടിസ്ഥാന വില കണ്ടെത്തിയ ശേഷം ഇതിന്റെ ഇരട്ടി തുക സമാശ്വാസമായി ലഭിക്കും. ത്രീ എ വിജ്ഞാപനം പ്രസിദ്ധീകരിച്ച ജൂൺ ഒന്ന് മുതലുള്ള ഓരോ മാസത്തെയും ഒരു പലിശയിനത്തിലും ലഭിക്കും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *