
Perinthalmanna Radio
Date: 10-01-2023
ലോക ഫുട്‌ബോളില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ മലപ്പുറം. 12 മണിക്കൂര്‍ കൊണ്ട് ഏറ്റവുമധികം പെനാല്‍റ്റി കിക്കുകള്‍ പൂര്‍ത്തിയാക്കി ലോക റെക്കോര്‍ഡ് കീഴടക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ന് (ജനുവരി 10) രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം ഗിന്നസ് റെക്കോര്‍ഡ് പ്രകടനത്തിന് വേദിയാകും. സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഡ്രീം ഗോള്‍ ഗിന്നസ് റെക്കോഡ് ഉദ്യമത്തില്‍ മലപ്പുറം ജില്ലയിലെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളും പൊതുജനങ്ങളും പങ്കാളികളാകും. 3500 ഓളം വിദ്യാര്‍ഥികളാണ് ഷൂട്ടൗട്ടില്‍ പങ്കെടുക്കുക. നെഹ്റു യുവകേന്ദ്ര വളണ്ടിയര്‍മാരും എന്‍.എസ്.എസ് വളണ്ടിയര്‍മാരും ഷൂട്ടൗട്ടിന്റെ ഭാഗമാകും. അവസാന മണിക്കൂറുകളില്‍ സ്പോട്ട് രജിസ്ട്രേഷനിലൂടെ പൊതുജനങ്ങള്‍ക്കും ഷൂട്ടൗട്ടില്‍ പങ്കെടുക്കാനുള്ള അവസരമുണ്ട്. ഷൂട്ടൗട്ടിനു വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ മഞ്ചേരി സ്റ്റേഡിയത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നേരത്തെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളെ 50 പേരടങ്ങുന്ന ടീമുകളായി തിരിച്ച് രാവിലെ ഏഴു മുതല്‍ ഷൂട്ടൗട്ട് ആരംഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സമയവും നല്‍കിയിട്ടുണ്ട്. ഗ്രൗണ്ടില്‍ ഒരേ സമയം രണ്ടു ടീമുകളും ഗ്യാലറിയില്‍ നാലു ടീമുകളും ഷൂട്ടൗട്ടിനു സജ്ജമായിരിക്കുന്ന രീതിയിലാണ് സംഘാടനം. ഇതിലൂടെ സമയനഷ്ടം ഒഴിവാക്കി പരമാവധി പെനാല്‍റ്റികള്‍ പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. റെക്കോര്‍ട് പ്രകടനത്തിന് സാക്ഷ്യം വഹിക്കാനായി ഗിന്നസ് ബുക്ക് അധികൃതരും മഞ്ചേരിയിലുണ്ടാവും. മുന്‍ ഇന്ത്യന്‍ താരം യു. ഷഫലിയാണ് ആദ്യ കിക്കെടുക്കുക. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഒരുക്കങ്ങള്‍ വിലയിരുത്താനായി ജില്ലാ കളക്ടര്‍ വി ആര്‍ പ്രേംകുമാറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ യുവജന കായിക വകുപ്പ് ഡയറക്ടര്‍ എസ് പ്രേംകൃഷ്ണന്‍, ജില്ലാ വികസന കമ്മീഷനര്‍ രാജീവ്കുമാര്‍ ചൗധരി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സി. കമ്മിറ്റി അംഗങ്ങളായ കെ മോഹന്‍കുമാര്‍, പി ഹൃഷികേഷ് കുമാര്‍, സി സുരേഷ്, സെക്രട്ടറി വിവി മുഹമ്മദ് യാസര്‍, മുന്‍ ഇന്ത്യന്‍ താരം യു ഷറഫലി വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
