
Perinthalmanna Radio
Date: 03-01-2023
കരിപ്പൂർ : കോഴിക്കോട് വിമാനത്താവളം ഇത്തവണത്തെ ഹജ് പുറപ്പെടൽ കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതു കരിപ്പൂരിനു നൽകുന്നതു വലിയ പ്രതീക്ഷ. വലിയ വിമാന സർവീസ് ഇല്ല, റൺവേ ബലപ്പെടുത്തൽ ജോലിക്കായി ഒരുങ്ങുന്നു തുടങ്ങിയ സാഹചര്യങ്ങൾ ഉള്ളതിനാൽ ഹജ് വിമാന സർവീസിന് പല കടമ്പകളും കടക്കേണ്ടതുണ്ട്.വ്യോമയാന മന്ത്രാലയവും കേന്ദ്ര ഹജ് കമ്മിറ്റിയും ചർച്ച ചെയ്തു തയാറാക്കിയ വിമാനത്താവളങ്ങളുടെ കരട് പട്ടികയിൽ ഉൾപ്പെട്ടത് കരിപ്പൂരിനു നേട്ടമാകും.
കോഴിക്കോട് വിമാനത്താവളത്തെ ഹജ് പുറപ്പെടൽ കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നു ചെയർമാൻ സി.മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിൽ സംസ്ഥാന ഹജ് കമ്മിറ്റിയും വിവിധ കൂട്ടായ്മകളും ജനപ്രതിനിധികളും ആവശ്യം ഉന്നയിച്ചിരുന്നു. ഒടുവിൽ അനുമതി ലഭിക്കുമ്പോൾ പ്രതീക്ഷയ്ക്കൊപ്പം പ്രതിസന്ധിയും കരിപ്പൂർ നേരിടുന്നുണ്ട്.
_പ്രതീക്ഷ ഇങ്ങനെ_
നിലവിൽ ചെറുവിമാനങ്ങൾ മാത്രമാണ് കരിപ്പൂരിൽ സർവീസ് നടത്തുന്നത്. കേരളത്തിൽ 3 വിമാനത്താവളങ്ങൾ ഉള്ളതിനാൽ എല്ലാ തീർഥാടകരെയും കരിപ്പൂർ വഴി കൊണ്ടുപോകേണ്ടതില്ല. കോഴിക്കോട് വിമാനത്താവളം വഴി അപേക്ഷ നൽകുന്ന തിരഞ്ഞെടുക്കപ്പെടുന്ന തീർഥാടകർ മാത്രമായിരിക്കും കരിപ്പൂരിലെത്തുക. അവരെ കൊണ്ടുപോകാൻ ചെറുവിമാനങ്ങൾ മതിയാകും. 210 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനങ്ങളിൽ കരിപ്പൂരിൽനിന്നു തീർഥാടകരെ മുൻപു കൊണ്ടുപോയിട്ടുണ്ട്.
രാജ്യത്തെ ചില ചെറുവിമാനത്താവളങ്ങളിൽനിന്ന് കുറച്ചു തീർഥാടകരെ കൊണ്ടുപോകാൻ ചെറുവിമാനങ്ങൾ ഉൾപ്പെടുത്തി ഹജ് സർവീസിനു ടെൻഡർ വിളിക്കാറുമുണ്ട്. മാത്രമല്ല, കരിപ്പൂരിൽനിന്നു ചെറു വിമാനങ്ങൾ ഉപയോഗിച്ച് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ്, ഫ്ലൈ നാസ് തുടങ്ങിയ വിമാനങ്ങൾ നിലവിൽ സൗദിയിലേക്കു സർവീസ് നടത്തുന്നുണ്ട്.
_കടമ്പകൾ_
ഹജ് യാത്രാ സമയത്ത് റീ കാർപറ്റിങ് ജോലികൾ ഉണ്ടാകുമോ എന്നത് പ്രശ്നമാണ്. ജൂൺ മാസത്തിലാണ് ഹജ് തീർഥാടനം. റൺവേ ബലപ്പെടുത്തൽ ജോലികൾ നടക്കുന്നതിനാൽ പകൽ സമയത്ത് സർവീസ് നിയന്ത്രണം ഉണ്ടാകും. വലിയ വിമാനങ്ങൾക്ക് നിലവിൽ അനുമതിയില്ല എന്നതാണു മറ്റൊരു പ്രശ്നം. 2019ൽ കരിപ്പൂരിൽനിന്ന് തീർഥാടകരെ കൊണ്ടുപോയത് 300 പേർക്ക് സഞ്ചരിക്കാവുന്ന വിമാനത്തിലാണ്. അത്തരം വിമാനം ഉപയോഗിക്കുന്നതിന് പ്രത്യേക അനുമതി തേടേണ്ടിവരും.
_ഹജ് ക്വോട്ട കൂടുമെന്നു പ്രതീക്ഷ_
സൗദി ഹജ് – ഉംറ കോൺഫറൻസ് ഈ മാസം 9 മുതൽ 12 വരെ സൗദിയിൽ നടക്കുന്നുണ്ട്. അതിൽ സൗദിയുടെ ഹജ് നയം പ്രഖ്യാപിക്കുമെന്നാണു വിവരം. ഇത്തവണ കൂടുതൽ വിദേശ തീർഥാടകർക്ക് അനുമതി നൽകുമെന്നാണു പ്രതീക്ഷ. 2019ൽ ആണ് കേരളത്തിൽനിന്ന് കൂടുതൽ തീർഥാടകർ പോയത്. 13,457 പേർ. അന്ന്, കോഴിക്കോടും കൊച്ചിയും ഹജ് പുറപ്പെടൽ കേന്ദ്രങ്ങളായിരുന്നു. 11,204 പേർ കരിപ്പൂർ വഴിയും 2253 പേർ കൊച്ചിവഴിയും യാത്ര ചെയ്തു.കഴിഞ്ഞ വർഷം കേരളത്തിൽനിന്ന് 5766 തീർഥാടകരാണു പുറപ്പെട്ടത്.
_കരട് നയത്തിലെ പ്രധാന കാര്യങ്ങൾ_
സൗദി അനുവദിക്കുന്ന ഹജ് സീറ്റുകളിൽ, 80% സർക്കാർതലത്തിൽ ഹജ് കമ്മിറ്റികൾക്കു വീതിച്ചു നൽകും. 20% സ്വകാര്യ സംഘങ്ങൾക്ക്.തീർഥാടകരുടെ എണ്ണം, പ്രായപരിധി തുടങ്ങിയവ സൗദി ഹജ് മന്ത്രാലയത്തിന്റെ തീരുമാനങ്ങൾക്ക് അനുസരിച്ചായിരിക്കും.കഴിഞ്ഞ വർഷം വരെ ഒരു കവറിൽ 5 പേർക്ക് അപേക്ഷിക്കാമായിരുന്നു. ഇത്തവണ ഒരു കവറിൽ 4 മുതിർന്നവർക്കാണ് അവസരം.
കൂടെ 2 വയസ്സ് തികയാത്ത രണ്ടു കുട്ടികൾക്കും.70 വയസ്സ് കഴിഞ്ഞവരും സഹായിയും ഉൾപ്പെടുന്ന വിഭാഗം ഇത്തവണയും മുൻഗണനാ വിഭാഗത്തിലാണ്. മറ്റുള്ളവരെല്ലാം പൊതുവിഭാഗത്തിൽ.ശരാശരി 30 ദിവസമാണ് സൗദിയിലെ താമസ കാലാവധി. യാത്രാ ചെലവു കുറയ്ക്കാനുള്ള ചില നിർദേശങ്ങളും കരട് പട്ടികയിൽ നിർദേശിച്ചിട്ടുണ്ട്.
_ഹജ്പുറപ്പെടൽ കേന്ദ്രങ്ങൾ (കരട് പട്ടികയിൽ)_
കൊച്ചി, കോഴിക്കോട്, കണ്ണൂർ, ശ്രീനഗർ, ഗുവാഹത്തി, റാഞ്ചി, ഗയ, ഇൻഡോർ, ഭോപാൽ, മംഗളൂരു, ഗോവ, ഔറംഗാബാദ്, വാരാണസി, ജയ്പുർ, നാഗ്പുർ, ഡൽഹി, മുംബൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ്, ലക്നൗ, വിജയവാഡ, അഗർത്തല.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
