ഹജ്ജ് വിമാനം പറന്നത് കരിപ്പൂരിന്റെ ചരിത്രം വഴിമാറ്റി

Share to

Perinthalmanna Radio
Date: 05-06-2023

കൊണ്ടോട്ടി : എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ഐ.എക്‌സ് 3031 നമ്പർ വിമാനം 145 തീർഥാടകരുമായി കരിപ്പൂരിൽനിന്ന് പറന്നുയർന്നപ്പോൾ വഴിമാറിയത് വിമാനത്താവളത്തിന്റെ ചരിത്രം കൂടിയാണ്. കരിപ്പൂരിൽനിന്ന് ആദ്യമായാണ് ചെറിയ വിമാനം ഹജ്ജ് സർവീസ് നടത്തുന്നത്.

2002-ലാണ് കരിപ്പൂരിൽനിന്ന് ഹജ്ജ് സർവീസ് തുടങ്ങിയത്. ഹജ്ജ് സർവീസ് നടത്തിയ എയർ ഇന്ത്യയുടെ ജംബോ ജെറ്റ് വിമാനമാണ് കരിപ്പൂരിലിറങ്ങിയ ആദ്യ വലിയ വിമാനം. നാനൂറിലേറെ പേർക്ക് സഞ്ചരിക്കാവുന്ന വിമാനമാണിത്. ഇന്നത്തെയത്ര സുരക്ഷാസൗകര്യങ്ങളോ ഐ.എൽ.എസ്. അടക്കമുള്ള സാങ്കേതിക സംവിധാനങ്ങളോ ഇല്ലാതെ കരിപ്പൂരിൽ വലിയ വിമാനം ഇറങ്ങിയതിനു പിന്നിൽ അന്നത്തെ എം.പി. ഇ. അഹമ്മദ്, കേന്ദ്ര വ്യോമയാന മന്ത്രി ഷാനവാസ് ഹുസൈൻ, എയർപോർട്ട് ഡയറക്ടർ വിജയകുമാർ, എയർ ഇന്ത്യ മാനേജർ മുത്തുക്കോയ എന്നിവരുടെ വലിയ ശ്രമമുണ്ട്.

2002 മുതൽ 2014 വരെ എയർ ഇന്ത്യയും സൗദി എയർലൈൻസും വലിയ വിമാനങ്ങൾ മാത്രം ഉപയോഗിച്ചാണ് കരിപ്പൂരിൽ ഹജ്ജ് സർവീസ് നടത്തിയിരുന്നത്. 2015-ൽ റൺവേ റീ കാർപ്പെറ്റിങ്ങിനായി വിമാനത്താവളത്തിൽ നിയന്ത്രണങ്ങൾ വന്നതോടെ വലിയ വിമാനങ്ങൾക്ക് വിലക്കുവന്നു. വലിയ വിമാനങ്ങൾ ഉപയോഗിച്ചുമാത്രം നടത്തിയിരുന്ന ഹജ്ജ് സർവീസും വഴിമാറിപ്പോയി.

2015 മുതൽ 18 വരെ നെടുമ്പാശ്ശേരിയിൽനിന്നാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിലുള്ള തീർഥാടകർ ഹജ്ജിനായി പുറപ്പെട്ടത്. 220 യാത്രക്കാർക്കുവരെ സഞ്ചരിക്കാവുന്ന വിമാനങ്ങൾ ഉപയോഗിച്ച് കരിപ്പൂരിൽനിന്ന് ഹജ്ജ് സർവീസ് നടത്താൻ വിമാനത്താവള അതോറിറ്റി തയ്യാറായിരുന്നെങ്കിലും നടപ്പായില്ല. 2019-ലാണ് ഇവിടെ ഹജ്ജ് സർവീസ് പുനഃസ്ഥാപിച്ചത്.

റീ കാർപ്പെറ്റിങ്ങിനു ശേഷം 2018 ഡിസംബറിൽ വലിയ വിമാനങ്ങൾ കരിപ്പൂരിൽ തിരിച്ചെത്തിയെങ്കിലും ഹജ്ജ് സർവീസ് പുനരാരംഭിക്കാൻ വലിയ സമ്മർദം ചെലുത്തേണ്ടി വന്നു. 2019-ൽ സൗദി എയർലൈൻസ്, 300 യാത്രക്കാരെ വഹിക്കുന്ന എ 330 വിമാനം ഉപയോഗിച്ച് ഹജ്ജ് സർവീസ് നടത്തി. 2020-ൽ വിമാനാപകടത്തെത്തുടർന്ന് വലിയ വിമാനങ്ങൾക്കു വിലക്കുവന്നതും കോവിഡ് നിയന്ത്രണങ്ങളും ഇവിടെനിന്നുള്ള ഹജ്ജ് സർവീസ് വീണ്ടും നിലയ്ക്കുന്നതിനു കാരണമായി.

ഇപ്പോൾ റൺവേ റീ കാർപ്പെറ്റിങ്ങിനിടയിലാണ് ചെറിയ വിമാനം ഉപയോഗിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ് ഹജ്ജ് സർവീസ് നടത്തുന്നത്. 189 പേർക്ക് സഞ്ചരിക്കാവുന്ന വിമാനത്തിൽ 145 പേരെയാണ് കയറ്റുന്നത്. 44 സീറ്റുകൾ ഒഴിച്ചിട്ടാണ് പറക്കുന്നത്. എങ്കിലും കൊച്ചിയെയും കണ്ണൂരിനെയും അപേക്ഷിച്ച് ഏറ്റവും കുറവ് ഹജ്ജ് യാത്രാ ചെലവ് കരിപ്പൂരിൽ നിന്ന് പുറപ്പെടുന്നവർക്കാണ്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *