
Perinthalmanna Radio
Date: 07-07-2023
കരിപ്പൂർ: ഹജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ് തീർഥാടനത്തിനു പുറപ്പെട്ട കേരളത്തിലെ തീർഥാടകരുടെ മടക്കയാത്ര 13 മുതൽ ആരംഭിക്കും. കേരളത്തിലെ 11,252 പേരും മറ്റു സംസ്ഥാനങ്ങളിലെ 304 പേരും ഉൾപ്പെടെ 11,556 തീർഥാടകരാണു കോഴിക്കോട്, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ വഴി പുറപ്പെട്ടത്. ഇവരെല്ലാം മദീനയിൽനിന്ന് അതതു വിമാനത്താവളങ്ങളിലേക്കു മടങ്ങും. ആദ്യവിമാനം കോഴിക്കോട് വിമാനത്താവളത്തിലേക്കു പുറപ്പെടും.13നു മദീനയിൽനിന്നു പ്രാദേശിക സമയം രാവിലെ 9.20നു പുറപ്പെട്ട് കരിപ്പൂരിൽ വൈകിട്ട് 5.35ന് എത്തും.
അന്നുതന്നെ രണ്ടാമത്തെ വിമാനം പ്രാദേശിക സമയം ഉച്ചയ്ക്ക് 1.50നു പുറപ്പെട്ടു രാത്രി 10.50നു കരിപ്പൂരിലെത്തും. ഓഗസ്റ്റ് രണ്ടിനാണ് കോഴിക്കോട്ടേക്കുള്ള അവസാന വിമാനം. അന്നു 3 വിമാനങ്ങളുണ്ട്. കൂടുതൽ പേർക്ക് അവസരം ലഭിച്ചപ്പോൾ ഏർപ്പെടുത്തിയ 5 അധിക വിമാനങ്ങൾ ഉൾപ്പെടെ 49 വിമാനങ്ങളിലായാണു കോഴിക്കോട്ടേക്കു മടക്കയാത്ര.കണ്ണൂർ വിമാനത്താവളം വഴി പുറപ്പെട്ട തീർഥാടകർ ഈ മാസം 14 മുതൽ നാട്ടിലേക്കു മടങ്ങും. പ്രാദേശിക സമയം പുലർച്ചെ 4.30നു പുറപ്പെട്ട് ഉച്ചയ്ക്ക് 12.45നു കണ്ണൂരിലെത്തും.
ഒരു അധിക വിമാനം ഉൾപ്പെടെ 14 സർവീസുകൾ. അവസാന വിമാനം ഓഗസ്റ്റ് രണ്ടിനു പ്രാദേശിക സമയം വൈകിട്ട് 6.25നു കണ്ണൂരിലെത്തും. കൊച്ചി വഴി പുറപ്പെട്ടവർ ഈ മാസം 18 മുതലാണു മടങ്ങുന്നത്. ആദ്യവിമാനം 18നു പ്രാദേശിക സമയം പുലർച്ചെ 1.30നു പുറപ്പെട്ട് രാവിലെ 10 മണിക്കു കൊച്ചിയിലെത്തും. ഓഗസ്റ്റ് രണ്ടുവരെ 7 വിമാനങ്ങളിലായാണ് തീർഥാടകർ എത്തുക. 6 ചാർട്ടേഡ് വിമാനങ്ങൾക്കു പുറമേ 19 തീർഥാടകർ പതിവ് യാത്രാ വിമാനത്തിൽ കൊച്ചിയിലെത്തും. ഓഗസ്റ്റ് രണ്ടിനാണ് അവസാന വിമാനം. രാവിലെ 10നു കൊച്ചിയിലെത്തും. തീർഥാടകരുടെ മടക്കയാത്രയ്ക്കുള്ള ഒരുക്കങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന ഹജ് കമ്മിറ്റി ഉടൻ യോഗം ചേരും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
