ഹയർ സെക്കൻഡറി വിദ്യാർഥികളിൽനിന്ന് പിരിച്ചെടുത്ത സ്‌പെഷ്യൽ ഫീസ് തിരിച്ചു നൽകിയില്ല

Share to

Perinthalmanna Radio
Date: 05-01-2023

കോവിഡ് കാരണം പൊതുവിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കാതിരുന്ന 2020-21 അധ്യയനവർഷം ഹയർസെക്കൻഡറി വിദ്യാർഥികളിൽനിന്ന് പിരിച്ചെടുത്ത സ്‌പെഷ്യൽ ഫീസ് ഇനിയും തിരിച്ചുനൽകിയില്ല. തുക തിരിച്ചുനൽകാൻ പ്രിൻസിപ്പൽമാർക്ക് അനുമതി നൽകി പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു.

ഹയർ സെക്കൻഡറി സ്‌കൂളുകളിലെ കലാ, കായിക അനുബന്ധ പ്രവർത്തനങ്ങൾക്കാണ് വിദ്യാർഥികളിൽ നിന്ന് സ്‌പെഷ്യൽ ഫീസ് പിരിക്കാറുള്ളത്. വിദ്യാർഥികൾ സ്‌കൂളിലെത്താത്ത 2020-21 അധ്യയന വർഷം ഫീസ് വാങ്ങുന്നതിനെതിരേ വിദ്യാർഥിസംഘടനകളടക്കം രംഗത്തു വന്നിരുന്നു.

തുടർന്ന് സംസ്ഥാനത്തെ മിക്ക സ്‌കൂളുകളിലും ഫീസ് പിരിച്ചിരുന്നില്ല. എന്നാൽ, സ്‌പെഷ്യൽ ഫീസ് പിരിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് മുൻവർഷങ്ങളിലെ പതിവ് തുടരണമെന്നായിരുന്നു ഹയർസെക്കൻഡറി ഡയറക്ടറേറ്റിൽ നിന്നുള്ള നിർദേശം.

അതോടെ പലരും ഫീസ് വാങ്ങി. പിരിച്ചെടുത്ത തുക വിവിധ അക്കൗണ്ടുകളിലായി സർക്കാരിലേക്ക് അടയ്ക്കുകയും ചെയ്തു. അതിനു ശേഷം സ്‌പെഷ്യൽ ഫീസ് പിരിക്കേണ്ടതില്ലെന്ന ഉത്തരവിറങ്ങിയെങ്കിലും അക്കൗണ്ടുകളിലെ തുക പിൻവലിക്കാൻ പ്രത്യേക ഉത്തരവ് വേണ്ടിയിരുന്നു.

വിദ്യാർഥികളും അധ്യാപകരും നിരന്തരം പരാതിപ്പെടുകയും പി. ഉബൈദുള്ള എം.എൽ.എ. നിയമസഭയിൽ വിഷയം ഉന്നയിക്കുകയും ചെയ്തശേഷം കഴിഞ്ഞ ജൂലായ് ആറിനാണ് തുക പിൻവലിച്ച് വിദ്യാർഥികൾക്ക് വിതരണംചെയ്യാനുള്ള ഉത്തരവിറങ്ങിയത്. എന്നാൽ, സംസ്ഥാനത്തെ മിക്ക സ്‌കൂളുകളും ഇതുവരെ സ്‌പെഷ്യൽ ഫീസ് തിരിച്ചുനൽകിയിട്ടില്ല. മലപ്പുറം ജില്ലയിൽ മാത്രം 20 ലക്ഷത്തോളം രൂപ വിദ്യാർഥികൾക്ക് തിരിച്ചുനൽകാനുണ്ട്.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *