പ്ലേ ഓഫ് ഉറപ്പിക്കാന്‍ ജയിക്കാതെ രക്ഷയില്ല; ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈക്കെതിരെ

Share to

Perinthalmanna Radio
Date: 07-02-2023

ഐഎസ്എല്ലിൽ കേരളബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൻ എഫ്സിയെ നേരിടും. കൊച്ചിയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. നാല് കളിയേ ബാക്കിയുള്ളൂ. പ്ലേ ഓഫിൽ എത്തണമെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയിക്കാതെ രക്ഷയില്ല. ലീഗിലെ ഒൻപതാം സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളിനോട് നേരിട്ട അപ്രതീക്ഷിത തോൽവിയാണ് ബ്ലാസ്റ്റേഴ്സിന്‍റെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. തിരിച്ചടിയായത് പതിവുപോലെ പ്രതിരോധനിരയുടെ പിഴവ് തന്നെ. ഈസ്റ്റ് ബംഗാളിനോടേറ്റ തോൽവിയിൽ നിന്ന് മഞ്ഞപ്പടയുടെ പിന്തുണയോടെ കരകയറാൻ ബ്ലാസ്റ്റേഴ്സ്. മുന്നിലുള്ളത് അവസാന അഞ്ച് കളിയിലും ജയിക്കാനാവാത്ത ചെന്നൈയിൻ എഫ് സിയാണെന്ന ആശ്വാസമുണ്ട്.

16 കളിയിൽ 28 പോയന്‍റുമായി മൂന്നാം സ്ഥാനത്തുണ്ടെങ്കിലും സ്ഥിരതയോടെ കളിക്കാൻ ബ്ലാസ്റ്റേഴ്സിനാവുന്നില്ല. പ്രതിരോധനിരയുടെ പാളിച്ചകളാണ് ബ്ലാസ്റ്റേഴ്സിന്‍റെ പ്രധാന ആശങ്ക. 25 ഗോൾ നേടിയെങ്കിലും 23 ഗോളും തിരിച്ചുവാങ്ങി. അഡ്രിയൻ ലൂണ നയിക്കുന്ന മധ്യനിരയും പ്രതീക്ഷയ്ക്കൊത്തുയരുന്നില്ല. കൊച്ചിയിലിറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സ് നിരയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

ചെന്നൈയിൽ നടന്ന ആദ്യപാദത്തിൽ ഇരുടീമും ഓരോഗോൾ നേടി സമനില പാലിക്കുകയായിരുന്നു. ഇരുടീമും ആകെ ഏറ്റുമുട്ടിയത് 19 കളികളിൽ. ബ്ലാസ്റ്റേഴ്സ് അഞ്ചിലും ചെന്നൈയിൻ ആറിലും ജയിച്ചു. എട്ട് കളി സമനിലയിൽ. ബ്ലാസ്റ്റേഴ്സ് 26 ഗോളടിച്ചപ്പോൾ ചെന്നൈയിൻ നേടിയത് 24 ഗോൾ. കഴിഞ്ഞ സീസണിൽ ഇരുടീമും നേർക്കുനേർ വന്ന രണ്ടുകളിയിലും ബ്ലാസ്റ്റേഴ്സ് മൂന്ന് ഗോൾവീതം നേടി ജയിച്ചു

ഐഎസ്എല്ലിൽ ഇനിയുള്ള നാല് കളിയും കേരള ബ്ലാസ്റ്റേഴ്സിന് ഫൈനലുകളാണെന്ന് കോച്ച് ഇവാൻ വുകോമനോവിച്ച് പ്രഖ്യാപിച്ചു കഴിഞ്ഞു. ഹോം ഗ്രൗണ്ടിൽ താരങ്ങൾ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണമെന്നും ബ്ലാസ്റ്റേഴ്സ് കോച്ച് പറഞ്ഞു. പോയന്‍റ് പട്ടികയിലെ ആദ്യ ആറ് സ്ഥാനക്കാരാണ് പ്ലേ ഓഫിലേക്ക് മുന്നേറുക. മൂന്നാം സ്ഥാനത്താണെങ്കിലും എടികെ ബഗാനും ഗോവയും ബംഗലൂരുവും തൊട്ടുപിന്നിലുണ്ട്. ഇതുകൊണ്ടുതന്നെ ഇനിയുള്ള നാല് കളിയും ബ്ലാസ്റ്റേഴ്സിന് വളരെ നിർ‍ണായകമാണ്. ചെന്നൈയിൻ, ബെഗളൂരു, എടികെ ബഗാൻ, ഹൈദരാബാദ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്‍റെ ശേഷിക്കുന്ന എതിരാളികൾ.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *