
Perinthalmanna Radio
Date: 29-01-2023
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ നിർണായകമായ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയവഴിയിൽ. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു മഞ്ഞപ്പടയുടെ ജയം.
ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്‍റകോസാണ് രണ്ടു ഗോളുകളും നേടിയത്. ജയത്തോടെ 28 പോയന്‍റുമായി ബ്ലാസ്റ്റേഴ്സ് വീണ്ടും മൂന്നാം സ്ഥാനത്തെത്തി. രണ്ടു മിനിറ്റിനിടെയാണ് താരം രണ്ടു തവണ വല കുലുക്കിയത്. മത്സരത്തിന്‍റെ 42ാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ. ഗ്രൗണ്ടിന്‍റ ഇടതുവിങ്ങിൽനിന്ന് ബ്രയ്‌സ് മിറാൻഡ പോസ്റ്റിനുള്ളിലേക്ക് ഉയർത്തി നൽകിയ പന്ത് ഹെഡറിലൂടെ ദിമിത്രിയോസ് വലയിലാക്കി. ആരാധകരുടെ ആവേശം കെട്ടടങ്ങും മുമ്പേ വീണ്ടും ദിമിത്രിയോസ് നോർത്ത് ഈസ്റ്റിന്‍റെ വല കുലുക്കി.
44ാം മിനിറ്റിൽ അഡ്രിയാൻ ലൂണ നൽകിയ ഒന്നാംതരം പാസ് താരം ഒരു ക്ലിനിക്കൽ ഫിനിഷിങ്ങിലൂടെ ഗോളിയെ നിസ്സഹായനാക്കി വലയിലാക്കി. ഗോളെന്ന് ഉറപ്പിച്ച ഒന്നിലധികം അവസരങ്ങൾ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് മുതലെടുക്കാനായില്ല. മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്‍റെ സമ്പൂർണ ആധിപത്യമായിരുന്നു.
പന്തടക്കത്തിലും പാസ്സിങ്ങിലും ഷോട്ട് ഓൺ ടാർഗറ്റിലും ബ്ലാസ്റ്റേഴ്സ് ബഹുദൂരം മുന്നിലായിരുന്നു. മലയാളി താരം സഹൽ അബ്ദുസ്സമദ്, ഗോൾകീപ്പർ പ്രഭ്‌സുഖൻ സിങ് ഗിൽ എന്നിവരെ സൈഡ് ബെഞ്ചിലിരുത്തിയാണ് പരിശീകലൻ വുകോമനോവിച്ച് ആദ്യ ഇലവനെ കളത്തിലിറക്കിയത്. ഗില്ലിന് പകരം വെറ്ററൻ ഗോൾകീപ്പർ കരൺജിത്താണ് മഞ്ഞപ്പടയുടെ ഗോൾവല കാത്തത്. സസ്‌പെന്‍ഷനുശേഷം കെ.പി. രാഹുൽ ടീമില്‍ തിരിച്ചെത്തി.
തുടര്‍ച്ചയായ രണ്ടു തോൽവികൾക്കു പിന്നാലെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം തട്ടകത്തില്‍ വീണ്ടും ഉയിർത്തിയേഴുന്നേറ്റത്. തുടര്‍ച്ചയായ എട്ടു മത്സരങ്ങളില്‍ പരാജയമറിയാതെയുള്ള കുതിപ്പിനു പിന്നാലെ എവേ ഗ്രൗണ്ടിലേക്ക് പോയ ബ്ലാസ്‌റ്റേഴ്‌സിന് മുംബൈയോടും ഗോവയോടും തോറ്റത് ക്ഷീണമായിരുന്നു.
മുംബൈ സിറ്റിയും ഹൈദരാബാദും ഉറപ്പിച്ച പ്ലേഓഫിലേക്ക് ഇനി നാലു സ്ഥാനങ്ങളാണ് അവശേഷിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെ ആറ് ടീമുകള്‍ക്ക് ഇനിയും പ്ലേഓഫ് സാധ്യതകളുണ്ട്. അതുകൊണ്ടു തന്നെ ഇന്നത്ത വിജയം ടീമിന് മുന്നോട്ടുള്ള കുതിപ്പിന് ഊർജമാകും. 15 മത്സരങ്ങളിൽനിന്ന് ഒമ്പതു ജയവും അഞ്ചു തോൽവിയും ഒരു സമനിലയുമായാണ് ടീമിന് 28 പോയന്‍റുള്ളത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
