Wednesday, December 25

വിജയവഴിയില്‍ തിരിച്ചെത്താന്‍ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു

Share to

Perinthalmanna Radio
Date: 05-11-2022

വിജയ വഴിയിൽ തിരിച്ചെത്താൻ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. പട്ടികയിൽ ഏറ്റവും പിന്നിലുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് എതിരാളികൾ. വൈകീട്ട് ഏഴരയ്ക്ക് ഗുവാഹത്തിയിലാണ് മത്സരം. ബ്ലാസ്റ്റേഴ്സ് താരങ്ങളെല്ലാം മത്സരത്തിന് പൂർണ സജ്ജരാണെന്ന് കോച്ച് ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

നാല് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഒന്നാം സ്ഥാനത്ത് നിന്ന് ഒൻപതിലേക്ക് വീണിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. പ്രതിരോധത്തിലെ പിഴവിനെ പഴിച്ചാണ് ഹാട്രിക് തോൽവിക്ക് ടീം മറുപടി പറയുന്നത്. മലമുകളിലെ പോരിനെത്തുമ്പോൾ വിജയത്തോടെ വീണ്ടും തുടങ്ങാമെന്നാണ് പ്രതീക്ഷ. കെ.പി.രാഹുലിന് വീണ്ടും സഹലിനൊപ്പം ആദ്യ ഇലവനിൽ കോച്ച് ഇവാൻ വുകോമനോവിച്ച് അവസരം നൽകിയേക്കും.

ഹൈപ്രസിംഗ് ശൈലിയിൽ നിന്ന് മാറി പ്രതിരോധത്തിന് പ്രാധാന്യം നൽകാനും ടീം ശ്രമിച്ചേക്കും. നാല് കളിയിൽ 10 ഗോൾ വഴങ്ങിയത് കോച്ചിനെ ആശങ്കപ്പെടുത്തുന്നുണ്ട്. തുടരെ നാല് മത്സരങ്ങൾ ഐഎസ്എല്ലിൽ തോൽക്കുന്ന ആദ്യ ടീമാണ് നോർത്ത് ഈസ്റ്റ്. വിലക്ക് നേരിടുന്ന കോച്ച് മാർകോ ബാൽബുൽ ഇത്തവണ ഡഗൗട്ടിൽ കളി നിയന്ത്രിക്കാനുണ്ടാകില്ലെന്നതും നോർത്ത് ഈസ്റ്റിന് തിരിച്ചടി. 16 തവണയാണ് ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റും ഇതുവരെ ഏറ്റുമുട്ടിയത്. ആറ് തവണ മഞ്ഞപ്പടയും നാലു തവണ നോര്‍ത്ത് ഈസ്റ്റും ജയിച്ചു.

Share to

Leave a Reply

Your email address will not be published. Required fields are marked *