ഭൂമിയുടെ ന്യായവില പുതുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

Share to

Perinthalmanna Radio
Date: 18-01-2023

തിരുവനന്തപുരം: പന്ത്രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ഭൂമിയുടെ ന്യായവില പുനർ നിർണയിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം വന്നേക്കും. ന്യായവിലയ്ക്കനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടി പരിഷ്കരണവും പരിഗണനയിലുണ്ട്.

വിവിധ നികുതികൾ കൂട്ടി സർക്കാരിന് വരുമാനമുണ്ടാക്കാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് കരുതുന്നത്. ജി.എസ്.ടി. നഷ്ടപരിഹാരം നീട്ടാതെയും വായ്പപ്പരിധി വെട്ടിക്കുറച്ചും കേന്ദ്രസർക്കാർ ഞെരുക്കുമ്പോൾ ഇങ്ങനെയൊരു സാധ്യതമാത്രമേ സംസ്ഥാനത്തിനു മുന്നിലുള്ളൂവെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

2010-ലാണ് ന്യായവില പുനർനിർണയിച്ചത്. അതിനുശേഷം പലഘട്ടങ്ങളിലായി ഒരേനിരക്കിൽ വർധിപ്പിക്കുകയേ ചെയ്തിട്ടുള്ളൂ. ന്യായവില പുനർനിർണയിക്കാൻ കഴിഞ്ഞവർഷം ആവശ്യമുയർന്നപ്പോൾ പരിശോധിക്കാൻ പ്രത്യേകസമിതി രൂപവത്കരിച്ചു. 2022 ജൂൺ 23-ന് ലാൻഡ് റവന്യൂ കമ്മിഷണർ ചെയർമാനായി രൂപവത്കരിച്ച സമിതിക്ക് ന്യായവില പുനർനിർണയിക്കാനുള്ള അനുമതിയുംനൽകി. സമിതിയുടെ ശുപാർശ അടിസ്ഥാനമാക്കിയാവും ബജറ്റ് പ്രഖ്യാപനം.

എന്നാൽ, ഭൂമിയുടെ ന്യായവില പുനർനിർണയം എങ്ങനെയാവുമെന്നതിനെ ആശ്രയിച്ചാവും സ്റ്റാമ്പ് ഡ്യൂട്ടി പരിഷ്‌കാരം. ന്യായവിലയുടെ വർധനയനുസരിച്ച് ഡ്യൂട്ടി കുറയുകയോ കൂടുകയോ ആവാം.

എന്നാൽ, ഉന്നതസമിതിയുടെ റിപ്പോർട്ടനുസരിച്ചുമാത്രമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാവൂ. പദ്ധതിവിഹിതം കാര്യമായി വർധിപ്പിക്കാതെ തദ്ദേശ സ്വയംഭരണ വകുപ്പിനടക്കം സ്വന്തമായി വരുമാനമുണ്ടാക്കാനുള്ള സാധ്യതകളാവും ബജറ്റിന്റെ ഉള്ളടക്കം.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *