
Perinthalmanna Radio
Date: 12-03-2023
മലപ്പുറം: ജില്ലയിൽ വേനൽച്ചൂട് കനത്തത്തോടെ പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. ഈ ചൂടിനെ അവഗണിച്ചും ഒരു പാടു പേർക്ക് ജോലി ചെയ്യേണ്ടി വരുന്നുണ്ട്. പകൽ 11 മുതൽ മൂന്നുവരെ നേരിട്ട് വെയിൽ കൊള്ളുന്ന രീതിയിൽ ജോലി ചെയ്യരുതെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശമുണ്ടെങ്കിലും പലയിടത്തും ഈ സമയത്തും ജോലി നടക്കുന്നുണ്ട്.
നിർമാണ മേഖലയിൽ ഉള്ളവർക്കാണ് ഏറെനേരം വെയിലത്ത് പണിയെടുക്കേണ്ടി വരുന്നത്. വിതരണ മേഖലയിൽ ജോലി ചെയ്യുന്നവരും കെ.എസ്.ഇ.ബി. ജീവനക്കാരടക്കമുള്ളവരും ഇത്തരത്തിൽ ജോലി ചെയ്യേണ്ടി വരുന്നവരാണ്. സാമ്പത്തിക വർഷം അവസാനിക്കാൻ ആയതിനാൽ പല സ്ഥലങ്ങളിലും സർക്കാർ പദ്ധതികൾ തകൃതിയായി നടക്കുന്നുണ്ട്. റോഡ്, കെട്ടിട നിർമാണങ്ങളും മഴക്കാലത്തിന് മുൻപ് തീർക്കാനുള്ള തത്രപ്പാടിലാണ്.
റംസാനോട് അനുബന്ധിച്ച് ഗൃഹപ്രവേശം നടത്താനായി വീടുകളുടെ പണിയും വ്യാപകമായി നടക്കുന്നുണ്ട്. ഏപ്രിൽ മുതൽ പല നിർമാണ സാമഗ്രികൾക്കും വില കൂടാൻ സാധ്യതയുള്ളതും നിർമാണ പ്രവർത്തങ്ങൾ കൂടുതലായി നടക്കാൻ കാരണമാണ്.
ദേശീയപാത നിർമാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് യാതൊരു നിയന്ത്രണവുമില്ലാതെ ഇതരസംസ്ഥാന തൊഴിലാളികളടക്കം നൂറുകണക്കിനുപേർ പൊരിവെയിലത്ത് ജോലിചെയ്യുന്നതു കാണാം.
രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ പൊതു സ്ഥലങ്ങളിൽ ജോലി ചെയ്യരുതെന്ന ആരോഗ്യ വകുപ്പിന്റെ നിർദേശം നടപ്പാക്കാതെ തപാൽ വകുപ്പ്.
തപാൽ ഉരുപ്പടികൾ വിതരണം ചെയ്യുന്ന പോസ്റ്റ്മാൻ, പോസ്റ്റ് വുമൺ, ജി.ഡി.എസ്. മെയിൽ ഡെലിവർ, മെയിൽ ക്യാരിയർ തുടങ്ങിയവരാണ് കടുത്ത വെയിലിനെ വകവെക്കാതെ ജോലിചെയ്യേണ്ടി വരുന്നത്. തപാൽ ഉരുപ്പടികളുമായി പോസ്റ്റ്മാൻ ഉൾപ്പെടെയുള്ള തപാൽ വിതരണക്കാർ പോസ്റ്റോഫീസിൽ നിന്ന് പുറത്തിറങ്ങുമ്പോൾ തന്നെ രാവിലെ 10 കഴിയും.
വൈകീട്ട് 3.30-ന് മുൻപായി വിതരണം പൂർത്തിയാക്കി ഇവർ ഓഫീസിൽ തിരിച്ചെത്തുകയും വേണം. കടുത്ത വെയിലിൽ ജോലിചെയ്യുന്ന ഇവരിൽ പലരും വെയിൽ കൊള്ളുന്നതു മൂലമുള്ള ശാരീരിക പ്രശ്നങ്ങൾ നേരിടുന്നുണ്ട്.
പകൽ വെയിലത്ത് ജോലിചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും 12 മുതൽ മൂന്നുവരെ വിശ്രമ വേളയായിരിക്കണമെന്ന് ലേബർ കമ്മിഷണറുടെ ഉത്തരവും ജലരേഖയായി.
മാർച്ച് രണ്ടുമുതൽ ഏപ്രിൽ 30 വരെ ജോലിസമയം രാവിലെ ഏഴിനും വൈകീട്ട് ഏഴിനും ഇടയിലുള്ള എട്ടുമണിക്കൂറാക്കി ക്രമീകരിക്കണമെന്നും നിർദേശമുണ്ടായിരുന്നു. ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ ഏഴ് താലൂക്കുകളിലെയും അസിസ്റ്റന്റ് ലേബർ ഓഫീസർമാർ തൊഴിലിടങ്ങളിൽ പരിശോധന നടത്തുന്നുണ്ട്.
വെയിലത്ത് തൊഴിലെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടയിടങ്ങളിൽ നോട്ടീസ് നൽകുന്നതല്ലാതെ നിയമ നടപടികളൊന്നുമില്ല.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
