Perinthalmanna Radio
Date: 26-01-2023
മലപ്പുറം: നിയമങ്ങൾ കർശനമാക്കിയിട്ടും ജില്ലയിൽ പോക്സോ കേസുകൾ കുറയുന്നില്ല. പോലീസ് രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. കേരള പോലീസിന്റെ കണക്കുപ്രകാരം കഴിഞ്ഞ വർഷം നവംബർ വരെ മലപ്പുറത്ത് 508 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഡിസംബറിൽ മാത്രം 29 പേരെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ജനുവരി 14 വരെ 18 പേരും ജില്ലയിൽ അറസ്റ്റിലായി.
സംസ്ഥാനതലത്തിൽ പോക്സോ കേസുകളുടെ എണ്ണത്തിൽ രണ്ടാമതാണ് മലപ്പുറം. കഴിഞ്ഞ വർഷം കേരളത്തിൽ ആകെ രജിസ്റ്റർ ചെയ്തത് 4215 കേസുകളാണ്. 2021-ൽ ഇത് 3559 ആയിരുന്നു. രണ്ട് വർഷമായി കേസുകളുടെ എണ്ണം കൂടിവരികയാണ്. ജില്ലാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ കേസുകൾ തിരുവനന്തപുരത്താണ്- 530 എണ്ണം.
എന്താണ് പോക്സോ?
ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമമാണ് പോക്സോ. 18 വയസ്സിനു താഴെയുള്ള ആൺകുട്ടികളും പെൺകുട്ടികളും നേരിടുന്ന ലൈംഗിക ചൂഷണങ്ങൾ തടയുകയാണ് ലക്ഷ്യം. ഇരയുടെ പേരുവിവരങ്ങൾ രഹസ്യമായിരിക്കും. കേസിൽ കൈകൊണ്ട നടപടിക്രമങ്ങളെപ്പറ്റി ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും കോടതിയെയും ബോധ്യപ്പെടുത്തണം.
2019-ലെ നിയമഭേദഗതി പ്രകാരം കുറ്റകൃത്യത്തിന്റെ വ്യാപ്തി അനുസരിച്ച് ജീവപര്യന്തം മുതൽ വധശിക്ഷ വരെ പോക്സോ കേസുകളിൽ വിധിക്കാം. സംരക്ഷണ ചുമതലയുള്ളവരിൽനിന്നുണ്ടാകുന്ന ലൈംഗികാതിക്രമത്തിന് 20 വർഷത്തിൽ കുറയാത്ത തടവുശിക്ഷ മുതൽ വധശിക്ഷ വരെ വിധിക്കും. പോക്‌സോ നിയമം ചുമത്തിയാൽ കുറ്റം തെളിയിക്കുംവരെ പ്രതിക്ക് നിരപരാധി എന്ന ആനുകൂല്യം ഉണ്ടാകില്ല.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ