വീണ്ടും പണിമുടക്കി ഇ പോസ് മെഷീനുകൾ; വിവിധ ജില്ലകളിൽ റേഷൻ വിതരണം അവതാളത്തിൽ

Share to

Perinthalmanna Radio
Date: 30-06-2023

സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസ്സപ്പെട്ടു. വിവിധ ജില്ലകളിൽ ഇ പോസ് മെഷീനുകൾ പണി മുടക്കിയ സാഹചര്യത്തിലാണ് റേഷൻ വിതരണം തടസ്സപ്പെട്ടത്. റേഷൻ വാങ്ങാൻ സാധിക്കാതെ നൂറ് കണക്കിന് ആളുകളാണ് എത്തി മടങ്ങിപ്പോകുന്നത്. എൻഐസി സോഫ്റ്റ്‍വെയറിന്റെ പ്രശ്നമാണ് എന്നാണ് ഭക്ഷ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ച വിശദീകരണം. ഇ- പോസ് മെഷീന്‍ തകരാറാകുന്നത് സംസ്ഥാനത്ത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. 2017 ലാണ് ഇ പോസ് മെഷീന്‍ സംവിധാനത്തിലൂടെ റേഷന്‍ വിതരണം ആരംഭിച്ചത്. അന്ന് മുതല്‍ ഇടക്കിടെ ഇ പോസ് മെഷീനുകള്‍ പണി മുടക്കാറുണ്ട്. റേഷന്‍ വാങ്ങാന്‍ സാധിക്കാതെ നിരവധി ആളുകളാണ് മടങ്ങിപ്പോകുന്നത്. ചിലര്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കുന്നുണ്ട്.

ഇടക്കിടെ ഈ പ്രശ്നം ഉണ്ടാകാറുണ്ട്. മൂന്ന് ദിവസമായി ഇ പോസ് മെഷിന്‍ പ്രശ്നമുണ്ട്. ഇടക്ക് ശരിയാകും, പിന്നെ പോകും.ആളുകള്‍ എത്തി ചീത്ത വിളിച്ചിട്ട് മടങ്ങിപ്പോകുകയാണ്. സെര്‍വര്‍ തകരാറാണ് എന്നാണ് പറയുന്നത്. ശരിയാകും ശരിയാകും എന്ന് പറയുന്നതല്ലാതെ ഒന്നും ശരിയാകാറില്ല. കഴിഞ്ഞ മീറ്റിംഗിലും പറഞ്ഞത് ശരിയാകും എന്നാണ്. എന്നാല്‍ മൂന്ന് ദിവസമായി ഇതാണ് അവസ്ഥ. പാലക്കാട്ടെ റേഷന്‍ വ്യാപാരി പറഞ്ഞു.

ഈ മാസം ആദ്യം സാങ്കേതിക തകരാറിനെ തുടർന്ന് ഒരു ദിവസത്തേക്ക് റേഷൻ വിതരണം നിർത്തി വെച്ചിരുന്നു. സൗജന്യ റേഷൻ നൽകുന്നവർക്ക് പ്രത്യേകം ബിൽ നൽകണമെന്ന് നേരത്തെ കേന്ദ്ര നിർദേശമുണ്ടായിരുന്നു. ഇതിനായി ചില ക്രമീകരണങ്ങളും നടത്തി. എന്നാൽ അതിന് പിന്നാലെ ചില സാങ്കേതിക തടസങ്ങളുണ്ടാകുകയും റേഷൻ വിതരണം മുടങ്ങുകയായിരുന്നു.

അതേ സമയം, ഇടുക്കിയിലെ റേഷന്‍ കടകളില്‍ ചാക്കരിയും മട്ടയരിയുമെത്താത്തതിനെ തുടര്‍ന്ന് വ്യാപാരികളും ഉപഭോക്താക്കളും പ്രതിസന്ധിയിലാണെന്ന വാർത്തയും ഈ മാസം പുറത്തുവന്നിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി പച്ചരി മാത്രമാണ് റേഷന്‍ കടകളിലെത്തുന്നത്. കൂലിപ്പണിക്കാരെയും കുറഞ്ഞ വരുമാനമുള്ളവരെയുമാണ് ഇത് കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

പ്രധാനമന്ത്രി അന്ന യോജന സ്‌കീം അവസാനിച്ചപ്പോള്‍ സ്റ്റോക്ക് വന്ന പച്ചരി റേഷന്‍ കടകളില്‍ കെട്ടിക്കിടക്കുകയാണ്. ഇതിനു പുറമെയാണ് വീണ്ടും പച്ചരി മാത്രം റേഷന്‍കടയിലേക്കെത്തിക്കുന്നത്. കഞ്ഞി വയ്ക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ചാക്കരിയും മട്ടയരിയും കിട്ടാനില്ല. പാവപ്പെട്ടവര്‍ക്കുള്ള എഎവൈ കാര്‍ഡ് ഉടമകള്‍ക്ക് 18 കിലോ പച്ചരിയാണ് വിതരണത്തിനായി നല്‍കിയിരിക്കുന്നത്. പാവപ്പെട്ടവരെയും ഇടത്തരക്കാരയുമാണ് ഇത് കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്.

ആട്ടയും പഞ്ചസാരയും ആവശ്യത്തിലധികം കടകളിലേക്ക് എത്തിക്കുന്നതായും വ്യാപാരികള്‍ പരാതിപ്പെട്ടിരുന്നു. മഴക്കാലമായതിനാല്‍ ഇത് കേടാകാന്‍ സാധ്യതയുണ്ട്. ഇ- പോസ് മെഷീന്‍ തകരാറാകുന്നതും സ്ഥിരം സംഭവമാണ്. സര്‍ക്കാരിന്റെ പുതിയ നിയമം അനുസരിച്ച് എക്‌സ്‌പ്ലോസീവ് ലൈസന്‍സുള്ള വാഹനങ്ങളില്‍ മാത്രമേ മണ്ണെണ്ണ എത്തിക്കാന്‍ കഴിയൂ. ഇത് കടയുടമകള്‍ക്ക് ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. അതിനാല്‍ വാതില്‍പ്പടി വിതരണം നടത്തുന്നതു വരെ മണ്ണെണ്ണ എത്തിക്കേണ്ടെന്നാണ് കടയുടമകളുടെ ആലോചന. എല്ലാ മാസവും പണമടച്ച് സ്റ്റോക്കെടുക്കുന്ന വ്യാപാരികള്‍ക്ക് രണ്ടു മാസമായി കമ്മീഷന്‍ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരമുണ്ടായില്ലെങ്കില്‍ സമരം തുടങ്ങാനാണ് കേരള സ്റ്റേറ്റ് റേഷന്‍ റീട്ടെയില്‍ ഡീലേഴ്‌സ് അസോസിയേഷന്റെ തീരുമാനം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *