
Perinthalmanna Radio
Date: 06-06-2023
മലപ്പുറം: പുതിയ അദ്ധ്യയന വർഷത്തിലും ഉച്ചഭക്ഷണത്തിന്റെ തുക കുടിശ്ശികയായി തുടരുന്നത് സ്കൂൾ അധികൃതരെ പ്രതിസന്ധിയിലാക്കുന്നു. മാർച്ചിലെ തുക ഇപ്പോഴും സ്കൂളുകൾക്ക് അനുവദിച്ചിട്ടില്ല. കഴിഞ്ഞ അദ്ധ്യയന വർഷം പലപ്പോഴും അതത് മാസങ്ങളിൽ അനുവദിക്കേണ്ട തുക കുടിശ്ശികയായിട്ടുണ്ട്. ഡിസംബർ, ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ഫണ്ട് മുടങ്ങിയിരുന്നു. പിന്നീട് ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള തുക രണ്ടു ഗഡുക്കളായി അനുവദിച്ചു. മാർച്ചിലെ തുക എന്ന് അനുവദിക്കുമെന്നതിൽ വ്യക്തതയില്ല.
കഴിഞ്ഞ അദ്ധ്യയന വർഷത്തിന് മുമ്പുവരെ ഉച്ചഭക്ഷണ തുക സർക്കാർ മുൻകൂറായി നൽകിയിരുന്നു. എന്നാൽ അടുത്തിടെയായി ഇതു ലഭിക്കുന്നില്ല. ഇതോടൊപ്പം തുക വലിയ രീതിയിൽ കുടിശ്ശികയാവുന്നത് പദ്ധതിയുടെ ചുമതലക്കാരായ പ്രധാനാദ്ധ്യാപകർക്ക് തലവേദനയായിട്ടുണ്ട്. ഇനിയും മുൻവർഷങ്ങളിലേതു പോലെ മുന്നോട്ടുപോവാനാവില്ലെന്ന നിലപാടിലാണ് പ്രധാനാദ്ധ്യാപകർ.
ഈ തുക ഒന്നിനും തികയില്ല
2016ൽ നിശ്ചയിച്ച ഉച്ചഭക്ഷണ നിരക്കിൽ പിന്നീട് വർദ്ധനവുണ്ടായിട്ടില്ല. സാധനങ്ങളുടെ വില വർദ്ധനവോടെ ഉച്ചഭക്ഷണ പദ്ധതിക്ക് ചെലവേറിയിട്ടുണ്ട്. പലപ്പോഴും പ്രധാനാദ്ധ്യാപകർ സ്വന്തം നിലയ്ക്ക് പണം കണ്ടെത്തിയാണ് പല സ്കൂളുകളിലും ഭക്ഷണം വിളമ്പുന്നത്. പുതിയ അദ്ധ്യയന വർഷത്തിന് മുമ്പേ പല പ്രധാനാദ്ധ്യാപകരും വിരമിക്കുകയും പകരം എച്ച്.എം ചാർജ്ജുണ്ടായിരുന്ന പലരും പ്രമോഷനാവുകയും ചെയ്തിട്ടുണ്ട്. 2021 മുതൽ പ്രമോഷൻ നേടി പ്രധാനാദ്ധ്യാപക തസ്തികയിൽ വന്നവർക്ക് എച്ച്.എം സ്കെയിൽ പ്രകാരമുള്ള ശമ്പളം നൽകുന്നില്ല. എച്ച്.എം തസ്തികയിൽ വരുന്നതിന് മുമ്പുള്ള ശമ്പളമാണ് കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോഴും ഇവർക്ക് ലഭിക്കുന്നത്. വലിയ സാമ്പത്തിക ബാദ്ധ്യതയാവുന്ന ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല ഏറ്റെടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഇവർ.
തുക അനുവദിക്കുന്നത് ഇങ്ങനെ
150 വിദ്യാർത്ഥികളുള്ള സ്കൂളിന്: ഒരുവിദ്യാർത്ഥിക്ക് എട്ട് രൂപ
151 മുതൽ 500 വരെ വിദ്യാർത്ഥികൾ: ഏഴ് രൂപ
500നു മുകളിൽ വിദ്യാർത്ഥികൾ: ആറ് രൂപ
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
