
Perinthalmanna Radio
Date: 18-03-2023
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിവഴി കടക്കെണിയിലായ പ്രഥമാധ്യാപകർക്ക് താത്കാലിക ആശ്വാസം. കഴിഞ്ഞ ഡിസംബർ മാസത്തെ ചെലവിലേക്കായി 35.48 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. 17 പ്രവൃത്തിദിനങ്ങൾ കണക്കാക്കിയാണ് തുക അനുവദിച്ചത്. തുക ഉടൻ അക്കൗണ്ടുവഴി വിതരണംചെയ്യാൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർദേശംനൽകി.
സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനായി ചെലവഴിച്ച തുക മൂന്നുbമാസമായി നൽകാത്തതിനാൽ പ്രഥമാധ്യാപകർ കടക്കെണിയിലായതു സംബന്ധിച്ച് കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. കടം വീട്ടാൻ മഞ്ചേരിയിലെ ഒരു സ്കൂൾ അധ്യാപകൻ സഹ പ്രവർത്തകയുടെ സ്വർണമാല ബാങ്കിൽ പണയംവെച്ച സംഭവവും ഇതൊടൊപ്പം പുറത്തു കൊണ്ടുവന്നു. തുടർന്നാണ് സർക്കാരിന്റെ അടിയന്തര ഇടപെടൽ.
പാചകത്തൊഴിലാളികളുടെ മുടങ്ങിക്കിടന്ന രണ്ടുമാസത്തെ ശമ്പളത്തുകയും സർക്കാർ അനുവദിച്ചു. മൂന്നുമാസമായി അയ്യായിരം രൂപ മാത്രമാണ് ഇവർക്കു നൽകിയത്. പുതിയ ഉത്തരവിൽ ഡിസംബറിലെ വേതനത്തിന്റെ ബാക്കി തുകയിനത്തിൽ 8.23 കോടി രൂപയും ജനുവരിയിലെ ആദ്യ ഗഡുവായി 10.88 കോടി രൂപയും അനുവദിച്ചു. തൊഴിലാളികളുടെ അക്കൗണ്ടുകളിൽ തുക ഉടൻ എത്തും.
ഉച്ചഭക്ഷണപദ്ധതിയിൽ സപ്ലൈകോ വഴി അരി മാത്രമാണ് സർക്കാർ സ്കൂളുകൾക്കു നൽകുന്നത്. പച്ചക്കറി, പലവ്യഞ്ജനം, പാചകവാതകം, പാൽ, മുട്ട തുടങ്ങിയവയ്ക്കുള്ള മറ്റു ചെലവുകൾ വഹിക്കേണ്ടത് സ്കൂൾ അധികൃതരാണ്. 2016-ൽ നിശ്ചയിച്ച നിരക്കുപ്രകാരം ഈ ചെലവുകളിലേക്ക് ഒരു കുട്ടിക്ക് ആറുരൂപയാണ് സർക്കാർ നൽകുന്നത്. പാചകത്തൊഴിലാളിക്ക് 6000 രൂപയും. സർക്കാർ ഫണ്ട് മുടങ്ങുകയും പാചകവാതകം ഉൾപ്പെടെയുള്ളവയുടെ വില വർധിക്കുകയും ചെയ്തതോടെ പ്രഥമാധ്യാപകർ തീർത്തും കടക്കെണിയിലായി. ജനുവരി, ഫെബ്രുവരി മാസത്തെ തുകകൂടി എത്രയുംവേഗം അനുവദിച്ചുകിട്ടായാൽ മാത്രമേ പ്രതിസന്ധി മറികടക്കാനാകൂവെന്ന് അധ്യാപകർ പറയുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
