
Perinthalmanna Radio
Date: 10-03-2023
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിക്ക് അയവില്ലാത്തതിനാൽ ട്രഷറി നിയന്ത്രണം കർശനമായി തുടരും. 10 ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾ മുൻകൂർ അനുമതിയോടെയേ മാറാനാവൂ എന്നതിനാൽ മാർച്ച് അവസാനം വകുപ്പുകളുടെ ബില്ലുകളെല്ലാം മാറാനാവില്ല. ചെലവുകൾ അടുത്ത സാമ്പത്തിക വർഷത്തേക്ക് നീട്ടുക മാത്രമാണ് സർക്കാരിന്റെ മുന്നിലെ പോംവഴി. ശമ്പളവും പെൻഷനും അല്ലാതെ മറ്റു വലിയ ബില്ലുകളൊന്നും ഇപ്പോൾ മാറുന്നില്ല.
പദ്ധതിച്ചെലവുകളുടെ ബില്ലുകൾ പൂർണമായി നൽകുന്നത് മാർച്ചിലാണ്. സാധാരണയായി മാർച്ചിൽ 20,000 കോടിയെങ്കിലും ചെലവിടേണ്ടിവരും. എന്നാൽ, കേന്ദ്രം കൂടുതൽ വായ്പയെടുക്കാൻ അനുവദിച്ചില്ലെങ്കിൽ 12,000 കോടിയുടെ ചെലവുകളെങ്കിലും മാറ്റിവെക്കേണ്ട സ്ഥിതിയാണെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
സാമൂഹിക സുരക്ഷാ പെൻഷൻ കമ്പനി എടുത്ത് തിരിച്ചടച്ച വായ്പയ്ക്ക് പകരമായി 2000 കോടികൂടി വായ്പയെടുക്കാൻ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. വൈദ്യുതിമേഖലയിലെ പരിഷ്‌കാരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന് അർഹമായ അധികവായ്പയായ 4060 കോടി ഇനിയും അനുവദിച്ചിട്ടില്ല.
39,640 കോടിയാണ് നടപ്പുവർഷത്തെ പദ്ധതി അടങ്കൽ. ഇതിൽ 66 ശതമാനമാണ് ചെലവിടാനായത്. 8048 കോടിയാണ് തദ്ദേശസ്ഥാപനങ്ങൾക്കുള്ള അടങ്കൽ. ഇതിൽ 74.51 ശതമാനമാണ് ചെലവ്. രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയിലും ഇത്രയും ചെലവിടാനായത് വിജയമാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
കഴിഞ്ഞ അഞ്ചുവർഷത്തിലെ ഏറ്റവും കുറഞ്ഞ ചെലവാണിത്.
2019-ൽ ട്രഷറി നിക്ഷേപം ഉൾപ്പെടുന്ന പബ്ലിക് അക്കൗണ്ടുകൂടി കടത്തിൽ കൂട്ടുകയും ഈവർഷം മുതൽ കിഫ്ബി ഉൾപ്പെടെയുള്ള ഏജൻസികളുടെ വായ്പകൾ സർക്കാരിന്റെ വായ്പയായി പരിഗണിക്കുകയും ചെയ്തതോടെ പ്രതിസന്ധി അതിജീവിക്കാനുള്ള മാർഗങ്ങൾ ഇല്ലാതായി. അതിനാൽ, ഇപ്പോഴത്തെ പ്രതിസന്ധി സർക്കാരിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
