
Perinthalmanna Radio
Date: 13-01-2023
ഉപഭോക്താക്കൾക്ക് ഉടൻ വൈദ്യുതി ബിൽ തുക നൽകാൻ സൗകര്യമൊരുക്കും വിധം സ്പോട്ട് ബില്ലിങ് മെഷീനുകളുമായി കെ.എസ്.ഇ.ബി. യെസ് ബാങ്കുമായി സഹകരിച്ചാണ് പരീക്ഷണ പദ്ധതി കൊണ്ടു വരുന്നത്. ആദ്യ ഘട്ടം തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കും.
ഇതിന്റെ ഭാഗമായി 200 സ്പോട്ട് ബില്ലിങ് മെഷീനുകൾ പ്രതിമാസം 90 രൂപ വാടകക്ക് യെസ് ബാങ്ക് നൽകും. മീറ്റർ റീഡർമാരുടെ കൈയിൽ മെഷീനുകൾ നൽകി പണം പിരിക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച് കെ.എസ്.ഇ.ബി ഡയറക്ടർമാരുടെ തീരുമാന ഉത്തരവ് ഇറങ്ങി.
ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ വഴി പണം സ്വീകരിക്കാനാവുന്ന ആൻഡ്രോയ്ഡ് സോഫ്റ്റ് വെയർ ഉപയോഗിച്ചാകും പ്രവർത്തനം, കാർഡുകൾ സ്വൈപ് ചെയ്ത് പണം ഈടാക്കി തിരിച്ചു നൽകാം. ഇതിൽ ഉപയോഗിക്കുന്ന ആൻഡ്രോയ്ഡ് സോഫ്റ്റ് വെയർ, എയ്സ് വെയർ ഫിൻടെസ് സർവിസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയാണ് നിർമിച്ചത്. ആറു മാസം പരീക്ഷണ അടിസ്ഥാത്തിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
ആദ്യ 15 ദിവസശേഷം പദ്ധതി സംബന്ധിച്ച റിപ്പോർട്ട് ചീഫ് എൻജിനീയർ സമർപ്പിക്കണം. ദിവസവും ശേഖരിക്കുന്ന തുക കെ.എ സ്.ഇ.ബിക്ക് കൈമാറണമെന്നാണ് യെസ് ബാങ്കുമായി ഉണ്ടാക്കിയ ധാരണ. പദ്ധതി സംബന്ധിച്ച് യെസ് ബാങ്ക് സമർപ്പിച്ച പ്രപോസൽ കെ.എസ്.ഇ.ബി അംഗീകരിക്കുക ആയിരുന്നു. നേരത്തേ നേരിട്ട് വൈദ്യുതി ബിൽ പിരിക്കാൻ ആലോചിച്ചിരുന്നെങ്കിലും നടപ്പായിരുന്നില്ല. നിലവിൽ മീറ്റർ റീഡർമാർ ബിൽ നൽകിയ ശേഷം മൂന്നു ദിവസത്തിനു ശേഷം മാത്രമേ പണം അടക്കാൻ സാധിക്കൂ.
നേരിട്ട് ബിൽ സ്വീകരിച്ചാൽ ആ തുക നേരത്തേ കെ.എസ്.ഇ.ബിയിൽ എത്തുകയും ഉപഭോക്താക്കൾക്ക് സൗകര്യപ്പെടുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. സ്വകാര്യ ബാങ്കിനെ പദ്ധതി ഏല്പിക്കുന്നത് സംബന്ധിച്ച് ജീവനക്കാർക്ക് ഇടയിൽ ആശങ്ക ഉയർന്നിട്ടുണ്ട്.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
