കെ.എസ്.ഇ.ബി. വൈദ്യുതി നിരക്കിൽ സർച്ചാർജ് പിടിച്ചു തുടങ്ങി

Share to

Perinthalmanna Radio
Date: 07-05-2023

കെ.എസ്.ഇ.ബി. വൈദ്യുതിനിരക്കിൽ സർച്ചാർജ് പിടിച്ചുതുടങ്ങി. വൈദ്യുതി വാങ്ങുന്നതിനുവന്ന അധികചെലവാണ് ഇന്ധനസർച്ചാർജായി ഫെബ്രുവരി മുതലുള്ള വൈദ്യുതിനിരക്കിനൊപ്പം പിടിക്കുന്നത്. യൂണിറ്റിന് ഒമ്പതുപൈസ നിരക്കിലാണ് പിടിക്കുന്നത്. ആയിരം വാട്സുവരെ കണക്ടഡ് ലോഡുള്ളതും പ്രതിമാസം 40 യൂണിറ്റിൽത്താഴെ ഉപഭോഗമുള്ളതുമായ ഗാർഹികോപഭോക്താക്കളെ സർച്ചാർജിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

രാജ്യത്തുണ്ടായ രൂക്ഷമായ കൽക്കരിക്ഷാമംമൂലം താപനിലയങ്ങളിൽ ഇറക്കുമതിചെയ്ത വിലകൂടിയ കൽക്കരി ഉപയോഗിച്ചതിനാൽ അവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിവിലയും കുതിച്ചുയർന്നിരുന്നു. ഇതോടെ 2022 ഏപ്രിൽമുതൽ ജൂൺവരെ കേരളത്തിന് വൈദ്യുതിവാങ്ങാൻ അധികവില നൽകേണ്ടിവന്നു. ഇങ്ങനെ ഓരോ മാസവുംവന്ന അധികചെലവ് അതതുമാസംതന്നെ കെ.എസ്.ഇ.ബി. ഈ താപനിലയങ്ങൾക്ക് നൽകിയിരുന്നു. ഈ തുക തിരിച്ചു പിടിക്കാനാണിപ്പോൾ ഇന്ധനസർച്ചാർജ് ഈടാക്കുന്നത്.

സർച്ചാർജ് ഈടാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി., സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനെ സമീപിച്ചിരുന്നു. തുടർന്ന് 2023 ഫെബ്രുവരി ഒന്നുമുതൽ മേയ് 31 വരെയുള്ള നാലുമാസത്തെ ഉപഭോഗത്തിന് സർചാർജ് ഈടാക്കാൻ അനുമതിനൽകി വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടു. വൈദ്യുതി വാങ്ങുന്നതിന് കെ.എസ്.ഇ.ബി.ക്കുവന്ന അധികചെലവായ 87.07 കോടി രൂപ ഇതിനകം തിരിച്ചുപിടിക്കാനായില്ലെങ്കിൽ ഈ തുക പിരിച്ചെടുക്കുന്നതുവരെ സംസ്ഥാനത്തെ എല്ലാ വിഭാഗം ഉപഭോക്താക്കളിൽനിന്നും സർച്ചാർജ് ഈടാക്കാനും അനുമതി നൽകിയിരുന്നു.

ഇത് സംസ്ഥാനത്തെ ഇതര വിതരണ ലൈസൻസികളുടെ ഉപഭോക്താക്കൾക്കും ബാധകമാണ്. ഉപഭോഗം കൂടുന്നതിന് ആനുപാതികമായി സർച്ചാർജും കൂടുന്നതിനാൽ നാലുമാസത്തിനുമുമ്പുതന്നെ 87.07 കോടി രൂപ പിരിഞ്ഞുകിട്ടാൻ സാധ്യതയുണ്ട്. ഈ തുക എപ്പോൾ തിരിച്ചുപിടിക്കുന്നുവോ അപ്പോൾ മുതൽ സർച്ചാർജ് ഈടാക്കുന്നത് നിർത്തുന്നതാണ് രീതി. വേനൽക്കാലമായതിനാൽ പൊതുവേ കേരളത്തിലെ വൈദ്യുതി ഉപഭോഗം കൂടിയ നിലയിലാണ്. അതിനാൽ സർച്ചാർജ് അധികകാലം ഈടാക്കേണ്ടി വരില്ലെന്നാണ് കെ.എസ്.ഇ.ബി. അധികൃതരുടെ വിലയിരുത്തൽ.

ചൂടുകാലമായതിനാൽ വൈദ്യുതിനിരക്ക് പൊതുവേ കൂടുന്ന സാഹചര്യത്തിൽ സർച്ചാർജുകൂടി അടയ്ക്കേണ്ടിവരുന്നത് ഉപഭോക്താക്കൾക്ക് ഇരട്ടിഭാരമാവും. മാത്രമല്ല, മാധ്യമങ്ങളിൽ നേരത്തേ വാർത്തകൾ വന്നിരുന്നെങ്കിലും പലരും ബില്ലുവന്നപ്പോഴാണ് അധികതുക പിടിക്കുന്ന വിവരമറിയുന്നത്. ഈ തുകയെക്കുറിച്ച് അന്വേഷിച്ച് പലരും കെ.എസ്.ഇ.ബി. ഓഫീസുകളിലേക്ക് വിളിക്കുന്നുമുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *