Perinthalmanna Radio
Date: 02-06-2023
മലപ്പുറം : ജൂണിൽ തീർഥാടന യാത്രയും സിയാറത്ത് ടൂറുമായി മലപ്പുറം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. കണ്ണൂർ കൊട്ടിയൂർ, മൃദംഗശൈലേശ്വരി അല്ലെങ്കിൽ പെരളശ്ശേരി, പറശ്ശിനിക്കടവ് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലേക്ക് ജില്ലയിലെ 3 യൂണിറ്റുകളിൽനിന്ന് തീർഥാടനയാത്ര നടത്തും. ബലി പെരുന്നാളിനോട് അനുബന്ധിച്ചാണ് വിവിധ മുസ്‌ലിം തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള സിയാറത്ത് യാത്ര നടത്തുക. ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ ക്ഷേത്രം വഴിയുള്ള തീർഥാടനയാത്ര മലപ്പുറത്തുനിന്ന് 7ന് പുലർച്ചെ 4ന് ആണ് പുറപ്പെടുക. പൊന്നാനിയിൽ നിന്ന് 10ന് പുലർച്ചെ 3നും പെരിന്തൽമണ്ണയിൽനിന്ന് അന്ന് 4നുമാണ് പുറപ്പെടുക.
അതത് ദിവസങ്ങളിൽ അർധരാത്രിയോടെ തിരിച്ചെത്തുന്ന വിധത്തിലാണ് ക്രമീകരണം. മലബാറിലെ വിവിധ മുസ്‌ലിം പള്ളികളും മഖാമുകളും കേന്ദ്രീകരിച്ചാണ് സിയാറത്ത് യാത്ര ഉദ്ദേശിക്കുന്നത്. യാത്രാപദ്ധതി അനുമതിക്കായി കേന്ദ്ര ഓഫിസിലേക്ക് അയച്ചിട്ടുണ്ട്. ബുക്കിങ്ങിന് അനുസരിച്ച് പാക്കേജുകൾ ക്രമീകരിക്കും.
ജില്ലയിലെ വിവിധ കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്നുള്ള 11 സൂപ്പർ ഫാസ്റ്റ് സർവീസുകൾ കെ സ്വിഫ്റ്റിലേക്ക് മാറി. തിരുവനന്തപുരത്തേക്കുള്ള നിലവിലെ സർവീസുകളാണ് മാറ്റിയത്. മലപ്പുറം, നിലമ്പൂർ, പൊന്നാനി യൂണിറ്റുകളിലെ 3 വീതം സർവീസുകളും പെരിന്തൽമണ്ണയിലെ 2 സർവീസുകളുമാണ് കെ സ്വിഫ്റ്റിനായി അനുവദിച്ച പുതിയ സൂപ്പർ ഫാസ്റ്റ് ബസുകളിൽ സർവീസ് ആരംഭിച്ചത്. അതേ സമയം കെ സ്വിഫ്റ്റ് ജീവനക്കാരുടെ കുറവുമൂലം കെഎസ്ആർടിസി ജീവനക്കാരെ ഉൾപ്പെടുത്തിയാണ് ചില സർവീസുകൾ നടത്തിയത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ