കേരളത്തിലെ 56 പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ.ഐ.എ റെയ്ഡ്

Share to

Perinthalmanna Radio
Date: 29-12-2022

പിഎഫ്ഐ രണ്ടാം നിര നേതാക്കളെ തേടി സംസ്ഥാന വ്യാപകമായി എന്‍ഐഎ റെയ്ഡ്. പിഎഫ്ഐക്ക് ഫണ്ട് ചെയ്തവരെയും അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തവരെയും എന്‍ഐഎ തിരയുന്നുണ്ട്. ഡൽഹിയിൽനിന്നെത്തിയ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള എന്‍ഐഎ പ്രത്യേക സംഘമാണ് റെയ്ഡ് നടത്തുന്നത്. പരിശോധനകൾക്ക് കേരള പൊലീസിന്റെ സഹായവും തേടിയിരുന്നു. പുലര്‍ച്ചെയാണ് എന്‍ഐഎ സംഘം കേരളത്തിലെത്തിയത്. സംസ്ഥാന വ്യാപകമായി 56 ഇടങ്ങളിലാണ് റെയ്ഡ്. നിരോധനശേഷവും പിഎഫ്ഐ രഹസ്യമായി പ്രവര്‍ത്തനം തുടരുന്നതിനാലാണ് എന്‍ഐഎയുടെ പരിശോധനയെന്നാണു സൂചന.

കൊച്ചിയില്‍ ആലുവ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. റൂറൽ ജില്ലയിൽ മാത്രം 12 ഇടങ്ങളിൽ പരിശോധന നടന്നു. കുഞ്ഞുണ്ണിക്കരയിലെ വിവിധ പിഎഫ്ഐ നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടത്തി. കുഞ്ഞുണ്ണിക്കരയില്‍ മുഹ്സിന്‍, ഫായിസ് എന്നിവരുടെ വീടുകളിൽനിന്നു തെളിവു ശേഖരിച്ചു. ഇടവനക്കാട് പ്രദേശങ്ങളിൽ റെയ്ഡ് ഇപ്പോഴും പുരോഗമിക്കുന്നുണ്ട്. ആലപ്പുഴയില്‍ നാലിടത്തും പരിശോധന നടന്നു. തിരുവനന്തപുരം, കൊല്ലം, മലപ്പുറം തുടങ്ങിയ ജില്ലകളിലും പരിശോധനയുണ്ട്.

പിഎഫ്ഐ നേതാക്കള്‍ ഭീകരപ്രവര്‍ത്തനത്തിന് യോഗം ചേര്‍ന്നെന്ന് എന്‍ഐഎ വിശദീകരിക്കുന്നു. നിരോധന നീക്കങ്ങള്‍ക്കിടെ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ യോഗം ചേര്‍ന്ന സംഘം എറണാകുളത്ത് പെരിയാര്‍ വാലിയിൽ യോഗം ചേർന്നതു കണ്ടെത്തി. മറ്റു ജില്ലകളില്‍ പിഎഫ്ഐ ശക്തികേന്ദ്രങ്ങളിലായിരുന്നു യോഗം നടന്നതെന്ന് എൻഐഎ വ്യക്തമാക്കുന്നു.

സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന നിസാറിന്‍റെ പത്തനംതിട്ടയിലെ വീടും പരിശോധിച്ചു. ആലപ്പുഴയില്‍ ചിന്തൂര്‍, വണ്ടാനം, വീയപുരം, ഓച്ചിറ എന്നിവിടങ്ങളിലും എറണാകുളം ജില്ലയില്‍ ആലുവ, എടവനക്കാട്, വൈപ്പിന്‍ പ്രദേശങ്ങളിലുമാണ് പരിശോധന. പ്രവര്‍ത്തകരുടെ സ്ഥാപനങ്ങളിലും പുലര്‍ച്ചെ മുതല്‍ പരിശോധന തുടരുകയാണ്.

വയനാട്ടിലും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടന്നു. മാനന്തവാടി, താഴയങ്ങാടി, പീച്ചങ്കോട്, തരുവണ, കമ്പളക്കാട്, ബത്തേരി എന്നിവിടങ്ങളിലെ പിഎഫ്ഐ പ്രാദേശിക, ജില്ലാ നേതാക്കളുടെ വീടുകളിലാണ് ദേശീയ സുരക്ഷാ ഏജന്‍സി റെയ്ഡ് നടത്തുന്നത്. ഫോണ്‍ അടക്കമുള്ള ചില രേഖകള്‍ പിടിച്ചെടുത്തതായി സൂചനയുണ്ട്. പുലര്‍ച്ചെ മുതലാണ് റെയ്ഡ് ആരംഭിച്ചത്. എട്ട് മണിയോടെ ഒരു വിധം എല്ലായിടത്തും പരിശോധന പൂര്‍ത്തിയാക്കിയിരുന്നു.

പിഎഫ്ഐയുടെ പ്രധാന സാമ്പത്തിക ഉറവിടം ഗൾഫ് രാജ്യങ്ങളെന്ന് എൻഐഎ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. പിഎഫ്ഐയുടേതായി നൂറിലധികം ബാങ്ക് അക്കൗണ്ടുകളും സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ടാണു റെയ്ഡെന്നാണു സൂചന. ഗൾഫ് രാജ്യങ്ങളിൽ മറ്റു പേരുകളിൽ സംഘടന രൂപീകരിച്ച് അതുവഴി സ്വരൂപിക്കുന്ന പണവും നാട്ടിലെത്തിക്കുന്നതായി കണ്ടെത്തി.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *