നിലമ്പൂർ- നഞ്ചൻകോട് റെയിൽപാത; അന്തിമ ലൊക്കേഷൻ സർവേക്ക് ടെൻഡർ ക്ഷണിച്ചു

Share to

Perinthalmanna Radio
Date: 05-06-2023

നിർദിഷ്ട നിലമ്പൂർ- വയനാട് – നഞ്ചൻകോട് (മൈസൂരു) റെയിൽപാതയുടെ അന്തിമ ലൊക്കേഷൻ സർവേക്ക് ദക്ഷിണ റെയിൽവേ ടെൻഡർ ക്ഷണിച്ചു. എറണാകുളം നിർമാണ വിഭാഗം ചീഫ് എൻജിനീയറാണ് 5.13 കോടി ചെലവ് കണക്കാക്കുന്ന പദ്ധതിക്ക് ടെൻഡർ വിളിച്ചത്. 23 ന് മുൻപ് സമർപ്പിക്കണം. 12 മാസം കൊണ്ട് പൂർത്തിയാക്കണം. ഇതോടൊപ്പം നേമം കോച്ചിങ് ടെർമിനൽ നിർമാണത്തിനും ടെൻഡർ ക്ഷണിച്ചു. 56.54 കോടി രൂപയാണ് ചെലവ്.  സർവേക്ക് ടെൻഡർ ക്ഷണിച്ചതോടെ നിലമ്പൂർ-നഞ്ചൻകോട് പാത യാഥാർഥ്യമാകുമെന്ന പ്രതീക്ഷ ഉയരുകയാണ്. ഇ.ശ്രീധരൻ കേന്ദ്ര റെയിൽവേ മന്ത്രി ഉൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയെത്തുടർന്ന് മേയ് 9നാണ് റെയിൽവേ ബോർഡ് സർവേക്ക് അനുമതി നൽകിയത്.

2016 ൽ സംയുക്ത പദ്ധതിക്ക് കേന്ദ്ര സർക്കാർ പച്ചക്കൊടി കാണിച്ചിരുന്നു. എന്നാൽ മുൻഗണനാ പട്ടികയിൽ നിന്ന് സംസ്ഥാന സർക്കാർ മാറ്റം വരുത്തിയതോടെ പദ്ധതി പാളം തെറ്റി. ഡിപിആർ തയാറാക്കാൻ 2017 ൽ സംസ്ഥാന സർക്കാർ ഡിഎംആർസിയെ ചുമതലപ്പെടുത്തി. പണം അനുവദിക്കാത്തതിനാൽ ഡിഎംആർസി പിൻവാങ്ങി. നിലമ്പൂർ -മൈസൂരു റെയിൽവേ ആക്‌ഷൻ കൗൺസിൽ, നീലഗിരി – വയനാട് എൻഎച്ച് ആൻഡ് റെയിൽവേ ആക്‌ഷൻ കമ്മിറ്റി, എന്നിവരുടെ ശ്രമഫലമായി വീണ്ടും ജീവൻ വച്ചു. പാതയുടെ ദൈർഘ്യം ആദ്യം 236 കിലോമീറ്ററാണ് കണക്കാക്കിയത്. പിന്നീട് ഡിഎംആർസി നടത്തിയ സർവേയിൽ 176 കിലോമീറ്റായി.

യാഥാർഥ്യമാകുമ്പോൾ കൊങ്കൺ പാതയ്ക്ക് ബദലായി മാറും. കേരളത്തിൽ നിന്ന് ഡൽഹി ഉൾപ്പെടെ വടക്കേ ഇന്ത്യൻ നഗരങ്ങളിലേക്ക് ദൂരം ഗണ്യമായി കുറയും. നേമം കോച്ചിങ് ടെർമിനൽ നിർമാണം തിരുവനന്തപുരം ജില്ലയ്ക്ക് ഏറെ ഗുണം ചെയ്യും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ സ്ഥലപരിമിതി കാരണം നിലമ്പൂരിൽ നിന്ന് രാജ്യറാണി എക്സ്പ്രസ് ട്രെയിൻ കാെച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കുകയാണ്. നേമം ടെർമിനൽ യാഥാർഥ്യമാകുന്നതോടെ യാത്രക്കാർക്ക് സെൻട്രൽ സ്റ്റേഷനിൽ ഇറങ്ങാൻ വഴിയൊരുങ്ങും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *