തെരുവുകളെ കണ്ണീര്‍ക്കടലാക്കി വിലാപയാത്ര; ജനനായകന് ഇന്ന് മടക്കം

Share to

Perinthalmanna Radio
Date: 20-07-2023

തിരുവനന്തപുരം∙ ജനലക്ഷങ്ങളുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര ജന്മനാട്ടിൽ. പൊതുദർശനത്തിനായി വിലാപയാത്ര അൽപസമയത്തിനുള്ളിൽ തിരുനക്കര മൈതാനത്ത് എത്തും. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങളും, മന്ത്രിമാർ, രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരടക്കം ജനസാഗരമാണ് തിരുനക്കര മൈതാനത്ത് പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാൻ കാത്തുനിൽക്കുന്നത്. അതിനിടെ ഉമ്മൻചാണ്ടിയുടെ സംസ്കാരചടങ്ങിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉച്ചയോടെ പുതുപ്പള്ളിയിലെത്തും. സംസ്കാര ചടങ്ങിൽ‌ കർദിനാൾ മാർ ആലഞ്ചേരിയും പങ്കെടുക്കും. 150 കിലോമീറ്ററും 27 മണിക്കൂറും പിന്നിട്ടാണ് യാത്ര തിരുനക്കരയിലേക്ക് എത്തുന്നത്.

തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്ന് ഇന്നലെ രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിരണ്ടര മണിക്കൂറോളം എടുത്താണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. അർധരാത്രി കഴിഞ്ഞിട്ടും കത്തിച്ച മെഴുകുതിരിയുമായി വഴിയോരത്ത് ആയിരങ്ങളാണ് ജനനേതാവിനെ അവസാനമായി ഒരുനോക്കുകാണാൻ കാത്തുനിന്നത്. അർധരാത്രിയിലും പുലർച്ചെയും ആൾക്കൂട്ടത്തിന് യാതൊരു കുറവും വന്നില്ല. പത്തനംതിട്ട പന്തളത്ത് വിലാപ യാത്ര എത്തുമ്പോൾ പുലർച്ചെ രണ്ട് മണിയോടടുത്തു. കുട്ടികളുൾപ്പെടെയുള്ളവരാണ് ഇവിടെ കാത്തുനിന്നത്. തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ കൊല്ലം ജില്ലയിൽ പ്രവേശിച്ച യാത്ര, രാത്രി എട്ടരയോടെയാണ് പത്തനംതിട്ട ജില്ലയിലെ ഏനാത്തേക്കു കടന്നത്.

ഇന്നലെ രാവിലെ രാവിലെ 7.15 നായിരുന്നു ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നുള്ള ഇറക്കം. വിലാപയാത്ര തിരുവനന്തപുരം നഗരത്തിനു പുറത്തു കടക്കാൻ മണിക്കൂറുകളെടുത്തു. 3.20 നു കൊല്ലം ജില്ലയിൽ കടന്നപ്പോൾ നിലമേലിൽ വൻജനക്കൂട്ടം വരവേറ്റു. കൊട്ടാരക്കരയിൽ ചൊവ്വാഴ്ച മുതൽ സർവമത പ്രാർഥനയുമായി കാത്തിരുന്ന നാട്ടുകാർ വിലാപയാത്രയെത്തിയപ്പോൾ വാഹനം പൊതിഞ്ഞു. പൂഴിവാരിയിട്ടാൽ നിലത്തുവീഴാത്തത്ര തിരക്ക്. പത്തനംതിട്ട ജില്ലയിൽ കടന്നത് രാത്രി ഒൻപതോടെ. 11.30ന് അടൂരിലും പുലർച്ചെ രണ്ടു മണിയോടെ പന്തളത്തും എത്തിയപ്പോൾ വാഹനങ്ങൾക്കു നീങ്ങാൻ കഴിയാത്ത വിധം ആ‍ൾക്കൂട്ടം. ആലപ്പുഴ ജില്ലയിലെ കുളനടയിലെത്തിയപ്പോൾ സമയം രണ്ടര. മൂന്നു മണിയോടെ ചെങ്ങന്നൂരിലെത്തുമ്പോൾ ഉമ്മൻ ചാണ്ടിയെ അവസാനമായൊന്നു കാണാൻ ആളുകൾ തിരക്കുകൂട്ടി. തിരുവല്ലയിൽ വച്ചു വീണ്ടും പത്തനംതിട്ട ജില്ലയുടെ അന്ത്യാഞ്ജലി. നഗരം അപ്പാടെ സ്തംഭിപ്പിച്ച ജനാവലി. കോട്ടയം ജില്ലയിലേക്കു കടന്നപ്പോൾ ജനസമുദ്രം. 

ഇന്ന് പുതുപ്പള്ളിയിലെ വീട്ടിലും സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലും പൊതുദർശനം. തുടർന്നു വലിയപള്ളി സെമിത്തേരിയിൽ പ്രത്യേക കബറിടത്തിൽ 3.30നു സംസ്കാരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. രാഹുൽ ഗാന്ധി അടക്കമുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കും. 
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *