
Perinthalmanna Radio
Date: 05-01-2023
മലപ്പുറം: സന്തോഷ് ട്രോഫിക്കും ഐ ലീഗിനും പിന്നാലെ പയ്യനാട്ടേക്ക് വീണ്ടും ഫുട്ബോൾ മഹോത്സവം വിരുന്നെത്തുന്നു. ഇന്ത്യൻ ഫുട്ബോളിലെ ചാംപ്യൻ ക്ലബ്ബുകളുടെ പോരാട്ട വേദിയായ സൂപ്പർ കപ്പിനുള്ള വേദിയായി പയ്യനാട് സ്റ്റേഡിയത്തേയും പരിഗണിക്കുന്നതായി സൂചന. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയമായിരിക്കും മറ്റൊരു വേദി.
ഏപ്രിലിലായിരിക്കും മത്സരം നടക്കുക. ടൂർണമെന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും സംസ്ഥാന സർക്കാരും പ്രാഥമിക ചർച്ച നടത്തി കഴിഞ്ഞു.
ഇന്ത്യൻ ഫുട്ബോളിലെ ചാംപ്യൻ ക്ലബ്ബുകളുടെ പോരാട്ടമായ സൂപ്പർ കപ്പ് 2018ലാണ് ആരംഭിച്ചത്. ആദ്യ സീസണിൽ ബെംഗളുരു എഫ്സിയും രണ്ടാം സീസണിൽ ഗോവ എഫ്സിയും ജേതാക്കളായി. പിന്നീട് കോവിഡ് കാരണം ടൂർണമെന്റ് നടന്നില്ല.
രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം പുനരാരംഭിക്കുമ്പോൾ കാണികൾ ഒഴുകി എത്താനുള്ള സാധ്യത കൂടി കണക്കിൽ എടുത്താണു പയ്യനാട് സ്റ്റേ ഡിയത്തെ വേദിയായി തീരുമാനിക്കുന്നത്.
സൂപ്പർ കപ്പ് ടൂർണമെന്റിന്റെ ഫോർമാറ്റ് എഐഎഫ്എഫ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഐഎസ്എല്ലിലെയും ഐ ലീഗി ലെയും മികച്ച 6 ടീമുകൾ, യോഗ്യതാ മത്സരം കളിച്ചെത്തുന്ന 4 ടീമുകൾ എന്നിവയാണു കഴിഞ്ഞ 2 ടൂർണമെന്റുകളിലും പങ്കെടുത്തത്. പ്രീ ക്വാർട്ടർ, ക്വാർട്ടർ, സെമി, ഫൈനൽ ഘട്ടങ്ങളായാണ് മത്സരം നടന്നത്.
ഏഷ്യൻ ഫുട്ബോൾ കോൺ ഫെഡറേഷന്റെ നിബന്ധന പ്രകാരം 8 മാസത്തെ സീസണിനിടെ ഒരു ടീം 27 ഔദ്യോഗിക മത്സരങ്ങൾ കളിച്ചിരിക്കണം. ഈ നിബന്ധന പൂർത്തീകരിക്കുക ലക്ഷ്യമിട്ട് കൂടിയാണു എഐഎഫ്എഫ് സൂപ്പർ കപ്പ് പുനരാരംഭിക്കുന്നത്.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
