
Perinthalmanna Radio
Date: 11-04-2023
ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ അനുവദിച്ചതില്‍ ഇത്തവണയും മലബാറില്‍ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നതായി വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. മലപ്പുറം ജില്ലയില്‍ പത്താം ക്ലാസ് പരീക്ഷ ജയിക്കുന്നവരുടെ എണ്ണം അനുസരിച്ചുള്ള ഹയര്‍ സെക്കന്‍ഡറി ബാച്ചുകളില്ല. പുതിയ ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ അനുവദിക്കുന്നതിനും നിലവിലുള്ള ബാച്ചുകള്‍ പുനഃക്രമീകരിക്കുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വി.കാര്ത്തികേയന് നായര്‍ അധ്യക്ഷനായ സമിതിയുടേതാണ് കണ്ടെത്തല്‍.
പല സ്കൂളുകളിലും ഒരു ക്ലാസില്‍ 60-65 കുട്ടികളെ വരെ ഉള്‍ക്കൊള്ളിച്ചതായും ഇത് വ്യക്തിഗത പഠനത്തെ സാരമായി ബാധിക്കുന്നതായും സമിതി കണ്ടെത്തി. മലപ്പുറത്ത് പുതുതായി 200 ബാച്ചുകളെങ്കിലും അനുവദിച്ചാലേ നിലവിലെ പ്രതിസന്ധി മറികടക്കാനാകൂവെന്നും സമിതി നിര്‍ദേശിക്കുന്നു.
അതേസമയം തെക്കന്‍ ജില്ലകളില്‍ യഥേഷ്ടം ബാച്ചുകളുണ്ടെങ്കിലും കുട്ടികളില്ലാത്ത അവസ്ഥയുണ്ട്. ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ ഒരു ബാച്ചില്‍ 15-16 വിദ്യാര്‍ഥികള്‍ മാത്രമേയുള്ളൂ. ഇത്തരത്തിലുള്ള അറുപതോളം ബാച്ചുകള്‍ അവിടെ ഉള്ളപ്പോഴാണ് മലപ്പുറത്ത് ബാച്ചില്ലാതെ വിദ്യാര്‍ഥികള്‍ പ്രയാസപ്പെടുന്നത്. ഈ ബാച്ചുകള്‍ മലപ്പുറം പോലെയുള്ള മലബാറിലെ സ്കൂളുകളിലേക്ക് പുനര്‍ വിന്യസിക്കണമെന്നാണ് സമിതി പറയുന്നത്.
അധ്യാപകരുടെ തസ്തിക സംരക്ഷണത്തിനും ഇത് സഹായിക്കും. അധികബാച്ചുകള്‍ അനുവദിക്കണമെന്ന് സമിതി നടത്തിയ സിറ്റിങ്ങില്‍ മലബാറിലെ എയിഡഡ് സ്കൂള്‍ മാനേജ്മെന്റുകളും അധ്യാപക സംഘടനകളും ആവശ്യമുന്നയിച്ചിരുന്നു.
മലബാറില്‍ പതിനായിരക്കണക്കിനു വിദ്യാര്‍ഥികള്‍ സീറ്റില്ലാതെ വിഷമിക്കുമ്പോള്‍ തെക്കന്‍ ജില്ലകളില്‍ ആയിരക്കണക്കിനു ബാച്ചുകള്‍ ഒഴിഞ്ഞു കിടക്കുന്ന കാര്യം പ്രൊഫ. കെ.കെ.എന്‍ കുറുപ്പ് ചെയര്‍മാനായ മലബാര്‍ എജ്യുക്കേഷന്‍ മൂവ്മെന്റ് ഉള്‍പ്പെടെ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണ്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
