108 സ്കൂളുകളിൽ പകുതി പോലും നിറയാതെ പ്ലസ് വൺ ബാച്ചുകൾ

Share to

Perinthalmanna Radio
Date: 16-04-2023

സംസ്ഥാനത്ത് 108 സ്കൂളുകളിൽ പകുതിയിലധികം പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണു കൂടുതൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത്. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ അ‍ഞ്ചിൽ താഴെ സ്കൂളുകളിൽ മാത്രമാണ് ഒഴിവുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാകട്ടെ ഇത് ഓരോ സ്കൂളിൽ മാത്രമാണ്. കോട്ടയത്ത് പകുതി കുട്ടികൾ പോലും പ്രവേശനം നേടാത്ത 22 സ്കൂളുകളുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളിൽ 15 സ്കൂളുകളിൽ വീതവും ‌പത്തനംതിട്ടയിൽ 19 സ്കൂളുകളിലും സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. മിക്കയിടത്തും ഒരു ക്ലാസിൽ 25 കുട്ടികൾ പോലുമില്ല. നഗരമേഖലയിലെ സ്കൂളുകളിൽ പ്രവേശനത്തിനു വിദ്യാർഥികൾ തിരക്കു കൂട്ടുമ്പോൾ ഗ്രാമീണ മേഖലയിലെ സ്കൂളുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. 

2021ൽ സംസ്ഥാനത്ത് 118 സ്കൂളുകളിൽ പകുതിയിലധികം പ്ലസ്​വൺ സീറ്റുകൾ ഒഴിഞ്ഞുകിടന്നിരുന്നു. സ്പെഷൽ റൂൾ പ്രകാരം ഒരു ക്ലാസിൽ 50 കുട്ടികളെയാണു പ്രവേശിപ്പിക്കേണ്ടത്. നൂറിലേറെ സ്കൂളുകളിൽ ഇതിന്റെ പകുതി കുട്ടികൾ പോലുമില്ലാത്ത ബാച്ചുകൾ തുടരവെ തന്നെ, മറ്റ് ഒട്ടേറെ സ്കൂളുകളിൽ 65 കുട്ടികൾ വരെ തിങ്ങിനിറഞ്ഞ ബാച്ചുകളുമുണ്ട്. ഇവയിൽ മിക്കതും വടക്കൻ ജില്ലകളിലാണ്. ഒരു ബാച്ചിൽ 50 വിദ്യാർഥികളെന്ന പരിധി കർശനമായി ഉറപ്പാക്കണമെന്നാണ് ഹയർ സെക്കൻഡറി മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിർദേശം. 

തെക്കൻ ജില്ലകളിലെ കുട്ടികൾ കുറവുള്ള ബാച്ചുകൾ മലപ്പുറം പോലെയുള്ള ജില്ലകൾക്ക് അനുവദിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. അതേസമയം, മതിയായ കുട്ടികളില്ലെന്ന കാരണത്താൽ തെക്കൻ ജില്ലകളിലെ ബാച്ചുകൾ കുറച്ചാൽ ഗ്രാമീണ മേഖലയിലുള്ളവരും ആദിവാസി മേഖലയിലുള്ളവരും ബുദ്ധിമുട്ടുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് 2014ൽ ആരംഭിച്ച, 27 സർക്കാർ സ്കൂളുകളിലെ 34 ബാച്ചുകളിലും 25 എയ്ഡഡ് സ്കൂളുകളിലെ 25 ബാച്ചുകളിലും അധ്യാപക തസ്തിക സൃഷ്ടിച്ചിട്ടില്ല. 3 വർഷം ഓരോ ബാച്ചിലും 50 കുട്ടികൾ വീതം പ്രവേശനം നേടിയാലേ അധ്യാപക തസ്തിക സൃഷ്ടിക്കൂ. എയ്ഡഡ് മേഖലയിലുള്ള 8 സ്കൂളുകളിൽ 50 കുട്ടികൾ വീതം കഴിഞ്ഞ 3 വർഷത്തിനുള്ളിൽ പ്രവേശനം നേടിയിട്ടുണ്ട്. എന്നാൽ, രണ്ടിടത്തു മാത്രമാണ് അധ്യാപക തസ്തിക സൃഷ്ടിച്ചത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *