
Perinthalmanna Radio
Date: 12-04-2023
കോഴിക്കോട്: കേരളത്തിലെ ക്വാറി മേഖലയെ തകർക്കുന്ന സർക്കാർ നീക്കങ്ങൾക്കെതിരെ 17മുതൽ സംസ്ഥാനത്ത് ക്വാറി, ക്രഷർ ഉടമകൾ അനിശ്ചിതകാല സമരം നടത്തുമെന്ന് ക്വാറി-ക്രഷർ കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കരിങ്കൽ ഉത്പന്നങ്ങളുടെ വിലവർധനവിന് ഇടയാക്കുന്ന സർക്കാരിന്റെ പുതിയ നിയമ ഭേദഗതി പിൻവലിക്കുക, ദൂരപരിധി കേസിൽ സർക്കാർ നടപടി സ്വീകരിക്കുക, റവന്യൂ ക്വാറി വിഷയം പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഏപ്രിൽ ഒന്നുമുതൽ സർക്കാർ കരിങ്കൽ ഉത്പന്നങ്ങൾക്ക് റോയൽറ്റിയും ലൈസൻസ് ഫീസും ഡീലേഴ്‌സ് ലൈസൻസ് ഫീസും ഭീമമായ തോതിലാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇരട്ടി ബാദ്ധ്യത വന്നതോടെ കരിങ്കല്ലിന് വിലവർദ്ധിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. 8000ത്തോളം ക്വാറികൾ പ്രവർത്തിച്ച സ്ഥാനത്ത് ഇപ്പോൾ 686 ആയി ചുരുങ്ങി. 50 മീറ്റർ ദൂരപരിധി കൂടി എടുത്തുകളഞ്ഞതോടെ പത്തോ പതിനഞ്ചോ ക്വാറികളിലേക്ക് സംസ്ഥാനം മാറും. കേരളത്തിലെ പല രാഷ്ട്രീയ നേതാക്കൾക്കും മറ്റ് സംസ്ഥാനങ്ങളിൽ ഇന്ന് ക്വാറികളുണ്ട്. പലതും ബിനാമി പേരുകളിലാണെന്ന് മാത്രം. ഇവരെ സഹായിക്കാനുള്ള ഗൂഢശ്രമവും സംസ്ഥാനത്തെ ക്വാറികളെ തകർക്കുന്നതിന് പിന്നിലുണ്ടെന്നാണ് സംഘടന കരുതുന്നതെന്ന് കോ-ഓർഡിനേഷൻ കമ്മറ്റി ജനറൽ കൺവീനർ എം.കെ.ബാബുവും ചെയർമാൻ എ.എം.യുസഫും പറഞ്ഞു. വാർത്താ സമ്മേളനത്തിൽ യു.സെയ്ത്, ഡേവിസ് പാത്താടൻ, ഇ.കെ.അലി മൊയ്തീൻ, ഹബീബ് റഹ്മാൻ, സൈനുദ്ദീൻ പത്തിരിപ്പാലം, മൈക്കിൾ തോമസ്, രവീന്ദ്രൻ കോഴിക്കോട്, ബാവ താമരശ്ശേരി, ഇസ്മായിൽ ആനപ്പാറ തുടങ്ങിയവരും പങ്കെടുത്തു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
