
Perinthalmanna Radio
Date: 04-01-2023
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തെ തുടർന്ന് 6 മാസം മുൻപു രാജിവച്ച സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ വച്ചു നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റു മന്ത്രിമാർ, സ്പീക്കർ, എൽഡിഎഫ് നേതാക്കൾ, സജി ചെറിയാന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു.
അതേസമയം, യുഡിഎഫ് ചടങ്ങ് ബഹിഷ്കരിച്ചു. പ്രതിഷേധസൂചകമായി പ്രതിപക്ഷം കരിദിനം ആചരിച്ചു. പത്തനംതിട്ട മല്ലപ്പള്ളിയിലെ പാർട്ടി പരിപാടിയിൽ ഭരണഘടനയ്ക്കെതിരെ വിമർശനം നടത്തിയതിനാണ് സജി ചെറിയാന് രാജിവയ്ക്കേണ്ടിവന്നത്. പൊലീസ് റിപ്പോർട്ടും നിയമോപദേശവും അനുകൂലമായതിനെ തുടർന്ന് 182 ദിവസത്തിനുശേഷമാണ് മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. ചെങ്ങന്നൂരിൽനിന്നുള്ള ജനപ്രതിനിധിയാണ്.
സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ അംഗീകരിച്ചിരുന്നു. ഭാവിയിൽ ഇക്കാര്യത്തിൽ തിരിച്ചടി ഉണ്ടായാൽ ഉത്തരവാദിത്തം സർക്കാരിനായിരിക്കുമെന്ന സന്ദേശം മുഖ്യമന്ത്രിയെ അറിയിച്ച ശേഷമാണ് സത്യപ്രതിജ്ഞയ്ക്കു ഗവർണർ അനുമതി നൽകിയത്.
അറ്റോർണി ജനറൽ ആർ.വെങ്കട്ടരമണിയുടെ നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് ഇക്കാര്യത്തിലുള്ള അനിശ്ചിതത്വം ഗവർണർ അവസാനിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ശുപാർശ അംഗീകരിക്കുന്നത് ഭരണഘടനാപരമായ ഉത്തരവാദിത്തം ആണെന്നും ഇന്നു സത്യപ്രതിജ്ഞ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. ഭരണഘടന അനുസരിച്ച് മന്ത്രിയെ നിയമിക്കുന്നതും പിൻവലിക്കുന്നതും മുഖ്യമന്ത്രിയുടെ അധികാര പരിധിയിൽ വരുന്ന കാര്യമാണ്. അത് അംഗീകരിക്കാതെ സത്യപ്രതിജ്ഞ തടയുന്നതു ഭരണഘടനാ വിരുദ്ധമാകുമെന്ന കാര്യവും ഗവർണർ പരിഗണിച്ചു
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
