സ്‌കൂള്‍ ബസ് എവിടെയെത്തി? സ്‌കൂള്‍ വിട്ട് കുട്ടികള്‍ പോന്നോ? അറിയാനുള്ള ആപ്പുമായി എം.വി.ഡി.

Share to

Perinthalmanna Radio
Date: 29-05-2023

‘കുട്ടികള്‍ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയോ’ ജോലിക്കുപോകുന്ന അച്ഛനമ്മമാരുടെ പ്രധാന ആശങ്ക ഇതായിരിക്കും. സ്‌കൂള്‍ ബസ് കൃത്യസമയത്ത് വന്നുകാണില്ലേ… കുട്ടികള്‍ സുരക്ഷിതരല്ലേ… ഇതിനെല്ലാം പരിഹാരമായാണ് മോട്ടോര്‍വാഹന വകുപ്പ് ‘വിദ്യാവാഹന്‍’ എന്ന ആപ്പുമായി വന്നിട്ടുള്ളത്. ഈ അധ്യയനവര്‍ഷം മുതല്‍ ആപ്പിന്റെ പ്രവര്‍ത്തനം തുടങ്ങാനുള്ള അവസാനഘട്ട നടപടികളിലാണ് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍.

എല്ലാ സ്‌കൂള്‍ ബസുകളെയും ജി.പി.എസ്. സംവിധാനമുപയോഗിച്ച് ബന്ധിപ്പിച്ചിട്ടുള്ള മോട്ടോര്‍വാഹന വകുപ്പിന്റെ ‘സുരക്ഷാമിത്ര’ സോഫ്റ്റ് വേര്‍ മുഖാന്തരമാണ് ആപ്പിന്റെ പ്രവര്‍ത്തനം. സ്‌കൂള്‍ ബസില്‍ ജി.പി.എസ്. യന്ത്രങ്ങള്‍ ഘടിപ്പിക്കാന്‍ അധികൃതര്‍ക്ക് രണ്ടുവര്‍ഷം മുമ്പുതന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഇത് ഘടിപ്പിക്കാത്ത സ്‌കൂള്‍ വാഹനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതിയില്ല. സ്‌കൂള്‍ തുറക്കുംമുമ്പുള്ള പരിശോധനയിലും ജി.പി.എസ്. യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നുണ്ട്.

വാഹനം ഏത് വഴിയെല്ലാം സഞ്ചരിക്കുന്നുവെന്ന് അറിയിക്കുകയും അപകടം സംഭവിച്ചാല്‍ മോട്ടോര്‍വാഹന വകുപ്പിന് കണ്‍ട്രോള്‍ റൂമില്‍ സന്ദേശം ലഭിക്കുന്ന രീതിയിലുമാണ് പ്രവര്‍ത്തനം. ‘വിദ്യാവാഹന്‍’ ആപ്പും മുഖേന വാഹനത്തിന്റെ സഞ്ചാരപഥം രക്ഷിതാക്കള്‍ക്ക് മൊബൈലില്‍ അറിയാനാകും.

ഇനിയുമുണ്ട് സൗകര്യങ്ങള്‍

സഞ്ചാരവഴി കണ്ടെത്തുന്നതിനൊപ്പം സ്‌കൂള്‍ ബസിന്റെ വിവരങ്ങള്‍, സമയക്രമം, ജീവനക്കാരുടെ വിവരങ്ങള്‍, വാഹനത്തിന്റെ വേഗം തുടങ്ങിയ വിശദാംശങ്ങളും അറിയാനാകും. ബസ് ജീവനക്കാരെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കാനും സംവിധാനമുണ്ട്. ആപ്പില്‍ തിരഞ്ഞെടുക്കുന്ന വാഹനത്തിന്റെ നേരേ കോള്‍ ബട്ടണ്‍ ഉണ്ട്. ഇതില്‍ അമര്‍ത്തിയാലാണ് ഫോണ്‍ചെയ്യാനാവുക.

സ്‌കൂള്‍ അധികൃതരും ശ്രദ്ധിക്കണം

സ്‌കൂള്‍ അധികൃതര്‍ മോട്ടോര്‍വാഹന വകുപ്പിന്റെ ‘സുരക്ഷാമിത്ര’ വെബ് പോര്‍ട്ടലില്‍ വാഹനങ്ങളുടെ വിവരങ്ങളും രക്ഷിതാക്കളുടെ മൊബൈല്‍ നമ്പറുകളും രേഖപ്പെടുത്തിയാലേ ആപ്പ് ഉപയോഗപ്രദമാകൂ. ‘സുരക്ഷാമിത്ര’ ലോഗിന്‍ചെയ്ത് ബസ് മാനേജ്മെന്റ് തിരഞ്ഞെടുക്കുക. തുടര്‍ന്ന് വരുന്ന പട്ടികയില്‍നിന്ന് വാഹനങ്ങള്‍ തിരഞ്ഞെടുത്ത് അപ്‌ഡേറ്റ് സെറ്റിങ്സ് ബട്ടണ്‍ അമര്‍ത്തണം. അതില്‍ വാഹനങ്ങളെ സംബന്ധിച്ച വിവരങ്ങളെല്ലാം ചേര്‍ക്കാം. ഇതേ ബസ് മാനേജ്മെന്റില്‍ പേരന്റ്സ് ബസ് മാപ്പിങ് എന്ന ഓപ്ഷനുണ്ട്. ഇതില്‍ ബസ് തിരഞ്ഞെടുത്ത് രക്ഷിതാക്കളുടെ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം.

മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍

▪️പ്ലേ സ്റ്റോറില്‍ നിന്നും വിദ്യ വാഹന്ഡ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
▪️രജിസ്‌റ്റേഡ് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വിദ്യ വാഹന്‍ ആപ്പില്‍ ലോഗിന്‍ ചെയ്യാം.
▪️മൊബൈല്‍ നമ്പര്‍ വിദ്യ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് തരേണ്ടത് സ്‌കൂള്‍ അധികൃതരാണ്.
▪️ഒരു രക്ഷിതാവിന് ഒന്നിലധികം വാഹനവുമായി മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ അത് സ്‌കൂള്‍ അധികൃതരാണ് ചെയ്ത് തരേണ്ടത്.
▪️ആപ്പിള്‍ ലോഗ്ഇന്‍ ചെയ്താല്‍ രക്ഷിതാവിന്റെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട വാഹനങ്ങളുടെ ലിസ്റ്റ് കാണാം.
▪️ലൊക്കേറ്റ് ചെയ്യേണ്ട വാഹനത്തിന്റെ നേരെയുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ രക്ഷിതാവിന് തന്റെ കുട്ടി സഞ്ചരിക്കുന്ന വാഹനം മാപ്പിലൂടെ ട്രാക്ക് ചെയ്യാം.
▪️വാഹനം ഓടുകയാണോയെന്നും വാഹനത്തിന്റെ ലൊക്കേഷന്‍, എത്തുന്ന സമയം എന്നിവ എം.വി.ഡി/സ്‌കൂള്‍ അധികൃതര്‍ക്കും രക്ഷിതാവിനും കാണാം.
▪️ആപ്പിലൂടെ തന്നെ വാഹനത്തിനുള്ളിലെ ഡ്രൈവര്‍, സഹായി, സ്‌കൂള്‍ അധികാരി, എന്നിവരെ ഫോണ്‍ മുഖാന്തിരം വിളിക്കാം.
വാഹനം
▪️ഓടിക്കൊണ്ടിരിക്കുകയാണെങ്കില്‍ ഡ്രൈവറെ വിളിക്കാന്‍ സാധിക്കില്ല.
കൃത്യമായി ഡാറ്റ
▪️കിട്ടുന്നില്ല എങ്കില്‍ റീഫ്രഷ് ബട്ടണ്‍ അമര്‍ത്തുക.
▪️വിദ്യ വാഹന്‍ സംബന്ധിച്ച് സംശയങ്ങള്‍ക്ക് ടോണ്‍ ഫ്രീ നമ്പറായ 18005997099 എന്ന നമ്പറില്‍ വിളിക്കാം.
▪️ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യുന്നതിന് അതാത് സ്‌കൂള്‍ അധികാരികളെ ബന്ധപ്പെടുക.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *