വിദ്യാലയങ്ങളിലെ വിനോദയാത്രയിൽ സർക്കാർ പുതിയ നിർദ്ദേശങ്ങൾ
വിദ്യാലയങ്ങളിലെ വിനോദയാത്രകൾ സംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പുതുക്കിയ മാനദണ്ഡങ്ങൾ പുതുക്കിയിറക്കി. രാത്രി 10 മണിക്കും രാവിലെ 5 മണിക്കും ഇടയിലുള്ള സമയത്ത് യാത്ര പാടില്ലെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രധാന നിർദ്ദേശം. സർക്കാർ അംഗീകരിച്ച ടൂർ ഓപ്പറേറ്റർമാർ മുഖേന മാത്രമേ യാത്ര ചെയ്യാൻ പാടുള്ളു. യാത്ര പുറപ്പെടുന്നതിന് മുമ്പ് സ്കൂൾ അധികൃതർ വിവരങ്ങൾ പൊലീസിനെയും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിക്കണം. ഒരു അധ്യാപകൻ കൺവീനറായ കമ്മിറ്റി വിനോദയാത്രക്കുണ്ടാകണം. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ പുതുക്കിയ നിർദ്ദേശം ബാധകമാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. വടക്കഞ്ചേരിയിൽ വിദ്യാർത്ഥികളുടെ മരണത്തിലേക്ക് നയിച്ച അപകടത്തിന്റെ സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം പുറത്തിറക്കിയത്.