Perinthalmanna Radio
Date: 11-03-2023
സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം ‘തണ്ണീർ പന്തലുകൾ’ ആരംഭിക്കുമെന്നും മെയ് മാസം വരെ ഇവ നിലനിർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഭാരം, തണുത്ത വെള്ളം, ഓ.ആർ.എസ് എന്നിവ തണ്ണീർ പന്തലുകളിൽ കരുതണം. പൊതു ജനങ്ങൾക്ക് ഇത്തരം ‘തണ്ണീർ പന്തലുകൾ’ എവിടെയാണ് എന്ന അറിയിപ്പ് ജില്ലകൾ തോറും നൽകണം.
തീപിടുത്തങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അഗ്‌നിശമന രക്ഷാസേന പൂർണ സജ്ജമായി നിൽക്കുകയും തീപിടുത്ത സാധ്യത കൂടുതലുള്ള മേഖലകളിൽ ഫയർ ഓഡിറ്റ് നടത്തുകയും വേണം.ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും, കെ.എസ് ഇ.ബിയുടെയും നേതൃത്വത്തിൽ എല്ലാ ആശുപതികളുടെയും, പ്രധാന സർക്കാർ ഓഫീസുകളുടെയും ഇലക്ട്രിക്കൽ ഓഡിറ്റ് നടത്തണം. തീപിടുത്തങ്ങൾ തടയുന്നതിന് ജില്ലാ തലത്തിൽ ആക്ഷൻ പ്ലാൻ ഉണ്ടാക്കുകയും തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ ടാസ്‌ക് ഫോഴ്സുകൾ രൂപീകരിച്ച് നടപ്പിലാക്കുകയും ചെയ്യണം.
ജലവിഭവ വകുപ്പ് അടിയന്തിരമായി കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ സാധ്യതയുള്ള പ്രദേശങ്ങളെ മുൻകൂട്ടി കണ്ടെത്തി അത് ദുരന്ത നിവാരണ അതോറിറ്റികൾക്കും, തദ്ദേശ സ്ഥാപന വകുപ്പിനും ലഭ്യമാക്കണം. അത് പ്രകാരം മുൻകൂട്ടിയുള്ള കർമ്മ പദ്ധതിക്ക് പ്രദേശികമായി രൂപം നൽകണം. വിദ്യാഭ്യാസ വകുപ്പ് വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കണം. പരീക്ഷ കാലമായതിനാൽ ഹീറ്റ് സ്ട്രെസ്സ് ലഘൂകരിക്കുന്നതിന് ഇടപെടൽ ഉണ്ടാകണം. പടക്ക നിർമ്മാണ/ സൂക്ഷിപ്പ് ശാലകളിൽ അഗ്‌നി സുരക്ഷാ സംവിധാനങ്ങളുണ്ടെന്ന് പൊലീസും ഫയർഫോഴ്‌സും ഉറപ്പ് വരുത്തണം. ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള ഉത്സവ സുരക്ഷാ മാനദണ്ഡ മാർഗ്ഗരേഖ അനുസരിച്ച് ഉത്സവങ്ങൾ നടത്താൻ നിർദേശം നൽകും. വേനൽ മഴ ലഭിക്കുന്ന സാഹചര്യത്തിൽ പരമാവധി ജലം സംഭരിക്കാനുള്ള മാർഗങ്ങൾ അവലംബിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് പദ്ധതി ഉണ്ടാവണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ