Perinthalmanna Radio
Date: 27-01-2023
മലപ്പുറം: കോവിഡിന് ശേഷം വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉണർന്നതോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനും (ഡി.ടി.പി. സി) വരുമാനം വർധിച്ചു. ജില്ലയിലെ ആറ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നു 2022 ജനുവരി മുതൽ ഡിസംബർ വരെ പ്രവേശന ഫീസ് ഇനത്തിൽ മാത്രം ലഭിച്ചത് 1,71,74,598 രൂപയാണ്.
കൂടുതൽ സഞ്ചാരികളും വരുമാനവും ജില്ല ആസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കോട്ടക്കുന്നിൽ നിന്നാണ്. ചേറുമ്പ് ഇക്കോ വില്ലേജ്, കേരളാംകുണ്ട് വെള്ളച്ചാട്ടം, നിലമ്പൂർ ആഢ്യൻപാറ, നിളയോരം, സിവിൽ സ്റ്റേഷന് സമീപത്തെ ശാന്തിതീരം, കോട്ടക്കുന്ന് എന്നിവിടങ്ങളിൽ നിന്നാണ് ഇത്രയും തുക ലഭിച്ചത്.
കോട്ടക്കുന്നിൽ നിന്നു 1.25 കോടി രൂപയാണ് പ്രവേശന ഫീ ഇനത്തിൽ മാത്രം ലഭിച്ചത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മാത്രമാണ് വരുമാനം കുറഞ്ഞത്. ഒമ്പത് മാസം പത്ത് ലക്ഷത്തിന് മുകളിലാണ് വരുമാനം. ജില്ലയിൽ ഏറ്റവും കൂടുതൽ സന്ദർശകരുള്ള വിനോദ സഞ്ചാര കേന്ദ്രമാണ് കോട്ടക്കുന്ന്. സമീപ ജില്ലയിൽ നിന്നടക്കം നിരവധി പേർ എത്താറുണ്ട്. ശനി, ഞായർ ദിവസങ്ങളിലാണ് വരുമാനം കൂടുതലും.
മിറാക്കിൾ ഗാർഡൻ പുനരാരംഭിച്ചതും ദീർഘ നാളുകളായി പ്രവർത്തന രഹിതമായ ലേസർ ഷോ പ്രദർശനം വീണ്ടും തുടങ്ങിയതും സഞ്ചാരികളെ കൂട്ടി. ചേറുമ്പ് ഇക്കോ വില്ലേജ് -5.28 ലക്ഷം, കേരളാം കുണ്ട്-5.77 ലക്ഷം, ആഢ്യൻപാറ -8.18 ലക്ഷം, നിളയോരം -21.13 ലക്ഷം, സിവിൽ സ്റ്റേഷൻ ശാന്തിതീരം -6.05 ലക്ഷം രൂപയുമാണ് ലഭിച്ചിരിക്കുന്നത്.
ജില്ലയിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള പ്രവൃത്തികൾ ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ജില്ലയിൽ വിനോദ സഞ്ചാര മേഖല ഉണർത്താൻ അറിവ് പകരുന്ന ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പാക്കാനും ആലോചനയുണ്ട്.
ചരിത്ര- സാംസ്കാരിക- സാമൂഹിക തലങ്ങളിലുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലങ്ങൾ ക്രോഡീകരിച്ചാകും സർക്യൂട്ട് തയാറാക്കുക. ഈ മേഖലകളെ ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്തുന്നതിന് ഒപ്പം സഞ്ചാരികൾക്ക് പൂർണ വിവരങ്ങൾ കൂടി പകർന്ന് നൽകുന്നതാകും ഈ സംവിധാനം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ