Perinthalmanna Radio
Date: 09-04-2023
അടുത്തിടെ നടന്ന ട്രെയിൻ കത്തിക്കലുമായി ബന്ധപ്പെട്ട് കർശന നിലപാടുമായി റെയിൽവേ പൊലീസ്. ട്രെയിനുകളിൽ പടക്കം കൊണ്ടുപോകുന്നത് തടയാൻ പരിശോധനകൾ ശക്തമാക്കും. പെട്രോൾ, മറ്റു രാസവസ്തുക്കൾ തുടങ്ങിയവയും റെയിൽവേ സ്റ്റേഷനിലോ ട്രെയിനിലോ കയറ്റിയാൽ കർശന നിലപാട് എടുക്കാൻ റെയിൽവേ പോലീസ് തീരുമാനിച്ചു. വിഷു, പെരുന്നാൾ എന്നീ ആഘോഷങ്ങൾക്ക് പടക്കം ഒരു പ്രധാന ഘടകമായതു കൊണ്ട് മറ്റു സ്ഥലങ്ങളിൽ നിന്നും ട്രെയിൻ മാർഗം പടക്കം കൊണ്ടുവരാൻ സാദ്ധ്യതയുള്ളതിനാൽ കടുത്ത ജാഗ്രതയിലാണ് റെയിൽവേ പോലീസ്. പടക്കം പിടിച്ചെടുത്താൽ സെക്‌ഷൻ 164 വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യും. യാത്രക്കാർക്ക് മാത്രമല്ല, പാഴ്സലായും പടക്കം കൊണ്ടുപോകരുതെന്നാണ് നിയമം.
തമിഴ്‌നാട്ടിലാണ് പടക്കകമ്പനികൾ കൂടുതലും പ്രവർത്തിക്കുന്നതെന്നതിനാൽ വിഷു പ്രമാണിച്ച് കേരളത്തിലേക്ക് പടക്കം കൊണ്ടുവരാൻ സാദ്ധ്യത കൂടുതലാണ്. ട്രെയിൻ മാർഗ്ഗം കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും പടക്കം സപ്ലെ ചെയ്തിരുന്നു. പോയ വർഷങ്ങളിൽ ഇക്കാര്യത്തിൽ കർശന നിലപാട് റെയിൽവേ പൊലീസ് എടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം ട്രെയിനിൽ നടന്ന പെട്രോൾ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ആർ.പി.എഫ് നിലപാട് കർശനമാക്കിയത്. സാധാരണ ട്രെയിനുകളിൽ പാഴ്സൽ കയറ്റി ഉടമസ്ഥൻ മാറി നിൽക്കാറാണ് പതിവ്. അതിനാലാണ് കഞ്ചാവടക്കം നിരവധി നിരോധിത വസ്തുക്കൾ പിടികൂടിയിട്ടും പ്രതികളെ പിടികൂടാൻ സാധിക്കാത്തതും. ആഘോഷ കാലങ്ങളിൽ അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ട്രെയിൻ മാർഗ്ഗം പടക്കങ്ങൾ ഉൾപ്പെടെയുള്ളവ കടത്തുവാൻ സാദ്ധ്യത കൂടുതലായതിനാൽ അധികം ഫോഴ്സിനെ ഉപയോഗിച്ച് എല്ലാ ട്രെയിനുകളിലും പരിശോധന കർശനമാക്കും. പടക്കം, പെട്രോൾ തുടങ്ങിയ എന്തെങ്കിലുമായി പിടിക്കപ്പെട്ടാൽ യാതൊരു ദാക്ഷിണ്യവുമില്ലാതെ നടപടിയെടുക്കുമെന്നും ആർ.പി.എഫ് മുന്നറിയിപ്പ് നൽകുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ