Perinthalmanna Radio
Date: 04-05-2023
തിരൂർ: കാസർകോട്ടു നിന്ന് തിരുവനന്തപുരത്തേക്ക്പോയ വന്ദേഭാരത് എക്സ്പ്രസിനു കല്ലെറിഞ്ഞ സംഭവത്തിൽ പ്രതിയെ പിടിക്കാൻ തീവണ്ടിയിലെ ക്യാമറകൾ പരിശോധിക്കാൻ തുടങ്ങി. വണ്ടിയുടെ സി-ഫോർ കോച്ചിന്റെ ചില്ല് എറിഞ്ഞ് തകർത്ത സ്ഥലം ആർ.പി.എഫും പോലീസും തിരിച്ചറിഞ്ഞു.
യാത്രക്കാരനെടുത്ത വീഡിയോദൃശ്യം പരിശോധിച്ച പോലീസ് വീഡിയോവിലെ ദൃശ്യങ്ങൾ താനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കമ്പനിപ്പടിയിൽ നിന്നാണെന്ന നിഗമനത്തിലാണ് എത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കല്ലേറുണ്ടായത് താനൂർ ചിറയ്ക്കലിന് കിഴക്കുവശം ഫുട്ബോൾ ഗ്രൗണ്ടിന് സമീപത്തുനിന്നാണെന്ന് തിരിച്ചറിഞ്ഞത്. തീവണ്ടിക്കുള്ളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ഈ പരിശോധന പൂർത്തിയായാൽ സംഭവസ്ഥലവും പ്രതികളെയും കൃത്യമായി തിരിച്ചറിയാൻ കഴിയുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണക്കാക്കുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ നിർദ്ദേശപ്രകാരം ബുധനാഴ്ച ഒരു എസ്.ഐ.യും മൂന്ന് സീനിയർ സിവിൽ പോലീസുകാരുമടങ്ങുന്ന ക്രൈം ഡിറ്റാച്ച്മെന്റ് സംഘം താനൂരിലെത്തി നിരവധി പേരുടെ മൊഴിയെടുത്തു. ആർ.പി.എഫ്. പാലക്കാട് ക്രൈം ഇന്റലിജൻറ്‌സ് ബ്രാഞ്ച് എസ്.ഐ.യും സംഘവും താനൂരിലെത്തി അന്വേഷണം തുടങ്ങി. തിരൂർ ഡിവൈ.എസ്.പി. കെ.എം. ബിജു, താനൂർ ഡിവൈ.എസ്.പി. വി.വി. ബെന്നി എന്നിവരുടെ നേതൃത്വത്തിൽ ലോക്കൽ പോലീസും തിരൂർ ആർ.പി.എഫ്. എസ്.ഐ. കെ.എം. സുനിൽകുമാറിന്റെ നേതൃത്വത്തിൽ തിരൂർ റെയിൽവേസ്റ്റേഷനിലെ ആർ.പി.എഫ്. ഉദ്യോഗസ്ഥരും മൊഴിയെടുക്കലും അന്വേഷണവും തുടരുന്നുണ്ട്.
അന്വേഷണച്ചുമതലയുള്ള ഷൊർണൂർ ആർ.പി.എഫ്. ഇൻസ്പെക്ടർ ക്ലാരി വത്സ താനൂരിലെത്തി അന്വേഷണം തുടങ്ങിയിരുന്നു. റെയിൽവേ ട്രാക്കിലോ റെയിൽവേ പുറമ്പോക്ക് ഭൂമിയിലോ അനധികൃതമായി ആരെയെങ്കിലും കണ്ടാൽ പിടികൂടി കേസെടുക്കാൻ റെയിൽവേ ആർ.പി.എഫിന് നിർദേശവും നൽകിയിട്ടുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ